കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗികളുടെ ഗ്രാഫ് ഉയരുന്നിട്ടും കാസര്‍കോട്ട് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും മുന്നോട്ടു വരുന്നില്ലെന്ന് പരാതി വ്യാപകം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പിടിമുറുക്കിയ ജില്ല ആയിരുന്നിട്ട് കൂടി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അടക്കം ഒരു അധിക സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. ജില്ലയിലെ മന്ത്രി ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഇടപെടാത്തതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
ജില്ല ബ്ലോക്ക് ചെയ്യുകയും പൊതുയിടങ്ങളില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയും ജില്ലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോഴും ആരോഗ്യ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും ഒന്നുംചെയ്യുന്നില്ല. ജില്ലയുടെ ചുതമലയുള്ള റവന്യൂ മന്ത്രി കൊറോണ കേന്ദ്രമായ ജനറല്‍ ആശുപത്രി സന്ദര്‍ശിക്കുകയോ അവിടത്തെ സൗകര്യങ്ങള്‍ വിലയിരുത്തുകയോ ചെയ്തില്ല. ജില്ലാ കലക്ടറുടെയും ദൗത്യവും പ്രഖ്യാപനത്തിലും റോഡിലും ഒതുങ്ങുകയാണെന്ന ആരോപണവും ശക്തമാണ്.
അധികൃതരുടെ വീഴ്ച തന്നെയാണ് ജില്ലയെ ഇത്രയും സങ്കീര്‍ണ്ണാവസ്ഥയിലേക്ക് എത്തിച്ചതിന് പിന്നില്‍. വിദേശത്ത് നിന്നും എത്തിയവരെ വേണ്ടവിധം പരിശോധിക്കാനോ ആവശ്യമായ മുന്‍കരുതലെടുക്കാനോ ബന്ധപ്പെട്ടവര്‍ തയാറായില്ല. പനിയുണ്ടോ തൊണ്ടവേദനയുണ്ടോ എന്ന് അന്വേഷിച്ച് വീട്ടിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്തത്. വീട്ടില്‍ കഴിയേണ്ടവര്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയില്ല. രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലേക്ക് വന്നവരെ ടെസ്റ്റ് ചെയ്യാതെ മടക്കി അയച്ചു. വിദേശത്ത് നിന്നും വന്നവരുടെ ലിസ്റ്റ് എയര്‍പോര്‍ട്ടില്‍ നിന്നും ലഭിക്കുമായിരുന്നിട്ടും ഫേസ് ബുക്കില്‍ പോസ്റ്റിട്ട് കാത്തിരിക്കുകയാണ് ഭരണകൂടം. രോഗം വ്യാപിച്ചുവെന്ന് കണ്ടപ്പോള്‍ ജില്ലയില്‍ നിരോധാജ്ഞ പ്രഖ്യാപിച്ച് അടച്ചുപൂട്ടി.
ആരോഗ്യരംഗത്ത് ഏറ്റവും ദുരിതമനുഭവിക്കുന്ന ജില്ല കൂടിയാണ് കാസര്‍കോട്. മെഡിക്കല്‍ കോളജോ സ്‌പെഷ്യാലിറ്റി ആശുപത്രികളോ ഇല്ല. ആകെയുള്ള ജനറല്‍ ആശുപത്രിയില്‍ ഒരു സംവിധാനവുമില്ല. അത്യാഹിതത്തിന് മംഗളരൂവിലോ പെരിയാരത്തോ പോകേണ്ട സ്ഥിതിയാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ പോലും അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നില്ല. നിര്‍മിച്ചുവെച്ച മെഡിക്കല്‍ കോളജ് ആര്‍ക്കും ഗുണില്ലാതെ കിടക്കുകയാണ്. ഐസോലേഷന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിട്ടും വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കാസര്‍കോട് നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നത്. എന്നാല്‍ കൂടുതല്‍ സംവിധാനമൊരുക്കാന്‍ മന്ത്രിയുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നില്ലെന്നാണ് പരാതി.
വൈറസ് പരിശോധന നടത്താനുള്ള ലാബ് സൗകര്യക്കുറവും കാസര്‍കോടിന്റെ രോഗാവസ്ഥയെ ഗുരുതരമാക്കുന്നുണ്ട്. നിലവില്‍ കാസര്‍കോട്ടെ മിക്ക കോവിഡ് ടെസ്റ്റുകളും ആലപ്പുഴയില്‍ നിന്നാണ് ചെയ്യുന്നത്. നിലവില്‍ കോഴിക്കോട്ട് മാത്രമാണ് ഉത്തരമലബാറില്‍ ഈ സൗകര്യമുള്ളത്. പരിയാരം മെഡിക്കല്‍ കോളജില്‍ ലാബ് സൗകര്യമൊരുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും നടപടി നീളുകയാണ്.
Post a Comment
0 Comments