Type Here to Get Search Results !

Bottom Ad

''ആരോടാണ് അപേക്ഷിക്കേണ്ടതെന്നറിയില്ല. മുട്ടാനായി ഒരു വാതിലും തുറന്നുവെച്ചിട്ടുമില്ല.. കാലുപിടിച്ച് പറയുകയാണ് സര്‍, ആ രോഗികളുടെ ജീവന്‍ വെച്ച് കളിക്കരുത്'': വൈറലായി ഖയ്യൂം മാന്യയുടെ പോസ്റ്റ്

കാസര്‍കോട് (www.evisionnews.co): 'നേരം പുലര്‍ന്നതേയുള്ളൂ, ഇപ്പോഴും വരുന്നുണ്ട് ഡയാലിസിസിന് വേണ്ടിയുള്ള ഫോണ്‍കോളുകള്‍.. എമര്‍ജന്‍സിയാണ്, എങ്ങനെയെങ്കിലും പരിഗണിക്കാമോയെന്ന വിങ്ങിപ്പൊട്ടുന്ന അഭ്യര്‍ത്ഥനകള്‍..

നിങ്ങളറിയോ, മംഗലാപുരത്തെ അതിര്‍ത്തി അടച്ചിട്ടിട്ട് അഞ്ചു ദിവസങ്ങള്‍ പിന്നിട്ടു. ജനപ്രതിനിധികള്‍ എത്രയൊക്കെ പറഞ്ഞിട്ടും, രോഗികളും ബന്ധുക്കളും കാല് പിടിച്ചിട്ടും പോലീസ് കര്‍ണാടകയിലേക്ക് കടത്തി വിടുന്നില്ല. വെന്‍ലോക്ക്, യെനപ്പോയ ആശുപത്രികളില്‍ നിന്ന് രോഗികളോട് വിളിച്ച് പറഞ്ഞിരിക്കുന്നു, ഡയാലിസിസ് ചെയ്യാന്‍ തത്ക്കാലം ഇങ്ങോട്ട് വരേണ്ടതില്ല എന്ന്. അവിടുത്തെ ഡിപാര്‍ട്‌മെന്റിന്റെ ഔദ്യോഗിക തീരുമാനമാണിതെന്നാണ് അറിയാന്‍ കഴിയുന്നത്'' 

കാസര്‍കോട്ടെ സാമൂഹിക കാരുണ്യ മേഖലയില്‍ സജീവമായ ഖയ്യൂം മാന്യയുടെ ഫേസ് ബുക്ക് പോസ്റ്റാണിത്. കൊവിഡ് ഭീതിയില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയും അതിര്‍ത്തികള്‍ ബാരിക്കേഡ് കെട്ടിയും മണ്‍കൂന നിറച്ചും അടച്ചപ്പോള്‍ നരകയാതനയിലായ ജില്ലയിലെ ഡയാലിസിസ് രോഗികളുടെ ദുരിതക്കഥയാണ് പോസ്റ്റ്. മാസത്തിലും ആഴ്ചയിലും രണ്ടും മൂന്നും നാലും തവണ ഡയാലിസിസ് ചെയ്യേണ്ട രോഗികള്‍ അതിര്‍ത്തി കടക്കാനാവാതെ മരണത്തോട് മല്ലിടുന്ന കാഴ്ചയാണ് ദിവസവുമെന്ന് ഖയ്യും പറയുന്നു. 




പോസ്റ്റിന്റെ ബാക്കി ഭാഗം:-

'നിങ്ങളറിയോ, ഈ പ്രത്യേകസാഹചര്യത്തിന് മുമ്പ് തന്നെ കാസര്‍കോട്ടെ ഒരു ആശുപത്രിയില്‍ പോലും ഡയാലിസിന് ഒഴിവുണ്ടായിരുന്നില്ല. പൈസ കയ്യിലുണ്ടെങ്കിലും മംഗലാപുരത്തേക്ക് പോകേണ്ട ദുരവസ്ഥ. മറ്റൊരു കാര്യം, യെനപ്പോയയില്‍ ആയുഷ് കാര്‍ഡ് സ്വീകരിക്കുന്നത് കൊണ്ടും വെന്‍ലോക്ക് ഗവ. ആശുപത്രിയില്‍ മലയാളികളെയും പരിഗണിക്കുന്നത് കൊണ്ടും പാവപ്പെട്ട രോഗികള്‍ യാത്രാ ബുദ്ധിമുട്ടുകള്‍ സഹിച്ചും അവിടം തെരെഞ്ഞെടുത്തു.

ഒരു ഡയാലിസിസ് രോഗിക്ക് പ്രതിമാസം വേണ്ടി വരുന്ന ചിലവുകളുടെ കാര്യമൊക്കെ പിന്നെ ഒരവസരത്തില്‍ ചര്‍ച്ച ചെയ്യാം.. ഇരുപത്തയ്യായിരം രൂപയെങ്കിലും വേണം മരുന്നിനും ഇഞ്ചക്ഷനുകള്‍ക്കും ടെസ്റ്റുകള്‍ക്കുമായി, അങ്ങനെയൊരു തുക നമ്മുടെ സമൂഹത്തിലെ എത്ര കുടുംബങ്ങള്‍ക്ക് താങ്ങാനാവുമെന്ന് നമ്മള്‍ തന്നെ ആലോചിക്കുക..

കുടുംബത്തിലോ സൗഹൃദവലയങ്ങളിലോ ഒരു ഡയാലിസിസ് രോഗിയെങ്കിലും ഉള്ളവര്‍ക്കറിയാം, അത് ജീവിതകാലം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന പ്രക്രിയയാണെന്ന്. ആഴ്ച്ചയില്‍ മൂന്ന് വട്ടമുള്ള ഡയാലിസിസ് മുടങ്ങിയാല്‍, ശരീരം വീര്‍ത്ത്, ശ്വാസതടസത്തില്‍ പിടഞ്ഞ് അവര്‍ മരിച്ച് പോകുമെന്നുറപ്പാണ്.

കാസര്‍കോട് ജില്ലയില്‍ ഏതാണ്ട് 700ഓളം ഡയാലിസിസ് രോഗികളുണ്ട്. അത്രയും ആളുകളെ ഉള്‍ക്കൊള്ളാന്‍ 170 ലധികം യൂണിറ്റുകള്‍ വേണ്ടി വരും. സര്‍ക്കാര്‍ സംവിധാനത്തില്‍ ആകെയുള്ളത് 20ല്‍ താഴെയാണ്. കാരുണ്യ നിര്‍ത്തലാക്കിയിട്ട് മാസങ്ങളായി. നേരത്തെ ലഭിച്ച് കഴിഞ്ഞവരുടെ ആനുകൂല്യം മാര്‍ച്ച് മാസത്തോടെ അവസാനിക്കുകയാണെന്നും കേള്‍ക്കുന്നു. മഞ്ചേശ്വരം എന്ന മണ്ഡലത്തിലാകെ ഒരൊറ്റ ഡയാലിസിസ് മെഷീന്‍ പോലുമില്ലാത്ത നാടാണിത്.

അവരൊക്കെയും ഓടിപ്പോയിരുന്ന മംഗലാപുരം ഒരു സുപ്രഭാതത്തില്‍ കൊട്ടിയടക്കെടുമ്പോള്‍ ഇനിയെന്താണ് ചേയ്യേണ്ടത്? അഞ്ച് ദിവസങ്ങളായിട്ട് എന്ത് പരിഹാരമാണ് സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കപ്പെട്ടത്? പല ഊടുവഴികളിലൂടെയും, അതിര്‍ത്തിക്കപ്പുറത്തേക്ക് നടന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്തവരുണ്ട്. ഇനി അതും സാധ്യമല്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്രയൊക്കെ ത്യാഗങ്ങള്‍ സഹിക്കാന്‍ കാസര്‍കോട്ടെ പാവം രോഗികള്‍ എന്ത് അരുതായ്മയാണ് ചെയ്തത്?

പതിനഞ്ച് മണിക്കൂര്‍ ദിവസവും ജോലി ചെയ്ത് ഞങ്ങള്‍ക്ക് കഴിയാവുന്ന പരമാവധി രോഗികളെ അഭയം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, ഒരു ഔദ്യോഗിക നിര്‍ദേശവും ഇല്ലാതെ തന്നെ. ഭക്ഷണമാണെങ്കില്‍ ഒരു പൊതി അധികം നല്‍കാം, ഉള്ളതില്‍ നിന്ന് തന്നെ പങ്കിട്ടെടുക്കാം. അത് പോലെയല്ല സര്‍ രോഗികളുടെ കാര്യം.. അവര്‍ക്ക് നാല് മണിക്കൂര്‍ ഡയാലിസിസ് ചെയ്യാന്‍ മെഷീനും അത് പ്രവര്‍ത്തിപ്പിക്കാന്‍ ടെക്ക്നീഷ്യനും വേണം. ഇന്ന് കഴിഞ്ഞാല്‍ മറ്റന്നാള്‍ പിന്നെയും വേണം.. അവര്‍ ഇനി എവിടെയാണ് പോകേണ്ടതെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് തരണം. ഇത് സംബന്ധമായ ഒരു അറിയിപ്പും എല്ലാ കാര്യങ്ങളും സ്വയം ഏറ്റെടുത്തവരില്‍ നിന്ന് നമ്മള്‍ ഈ നിമിഷം വരെ കേട്ടിട്ടില്ല.

ദൂരയാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാവുമെന്ന് ബോധ്യപ്പെട്ട്, ഞങ്ങളുടെ ഒരു രോഗിയെ ആശുപത്രിയില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ലോഡ്ജില്‍ റൂമെടുത്ത് താമസിപ്പിച്ചിട്ടുണ്ട്. ഹോട്ടലുകള്‍ ഇല്ലാത്തതിനാല്‍ സുഹൃത്തുക്കളോട് പറഞ്ഞ് ഭക്ഷണം എത്തിക്കുന്നു, ഡയാലിസിസിന്റെ സമയത്ത് അവര്‍ തന്നെ സെന്ററിലെത്തിക്കുന്നു. ഞങ്ങളുടെ മഹത്വം കൊട്ടിഘോഷിച്ചതല്ല. ആ കരുതല്‍ അവര്‍ അര്‍ഹിക്കുന്നു എന്നുറപ്പുള്ളത് കൊണ്ടാണ്. ഭരണകൂടം ഈ വിഷയത്തില്‍ എന്ത് ചെയ്‌തെന്നറിയാന്‍ താത്പര്യമുണ്ട്.

വിമര്‍ശനവും വെല്ലുവിളിയും ഒന്നുമല്ല. സങ്കടം പറച്ചിലാണ്, അപേക്ഷയാണ്. വൃക്ക രോഗികളുടെ ദുരിതം നന്നായി അറിയുന്നത് കൊണ്ടാണ്. അവരുടേത് കൂടിയാണ് ഈ നാട്. ചെയ്ത ഏതെങ്കിലും തെറ്റിന്റെ പേരിലല്ല അവര്‍ ഈ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നത്. അതിലൊരാളെങ്കിലും ഡയാലിസിസ് ചെയ്യാനാവാതെ ശ്വാസം മുട്ടുന്നുവെങ്കില്‍, ഈ നാട് മുഴുവന്‍ അതിന് ഉത്തരവാദികളാണ്. ആരോടാണ് അപേക്ഷിക്കേണ്ടതെന്നറിയില്ല. മുട്ടാനായി ഒരു വാതിലും തുറന്ന് വെച്ചിട്ടുമില്ല. കാല് പിടിച്ച് പറയുകയാണ് സര്‍, ആ രോഗികളുടെ ജീവന്‍ വെച്ച് കളിക്കരുത്.

Post a Comment

0 Comments

Top Post Ad

Below Post Ad