കാസര്‍കോട് (www.evisionnews.co): വൈദേശിക ഭരണകാലത്തിന്റെ ഓര്‍മകളുമായി 1884മെയ് ഒന്നിന് സ്ഥാപിതമായ മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം 27ന് രാവിലെ പത്തിന് പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. എംസി ഖമറുദ്ദീന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാവും.
കേരള സംസ്ഥാനം രൂപീകൃതമാവുന്നതിനും വളരെ മുമ്പ് തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയ മഞ്ചേശ്വരം സബ് രജിസട്രാര്‍ ഓഫീസിന് പറയാന്‍ ഒട്ടേറെ അപൂര്‍വമായ നേട്ടങ്ങളുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് 136വര്‍ഷമായി സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. രണ്ട് വരി കല്ലുകള്‍ കൊണ്ട് തീര്‍ത്തിരിക്കുന്ന ഓഫീസ് ചുമരുകള്‍ ഇന്നും കാര്യമായ കേടുപാടുകളില്ലാതെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഫാനിന് പകരം പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന തൂക്ക് വിശറിയെ ബന്ധിപ്പിക്കുന്ന കപ്പി ഇന്നും ഇവിടെയെത്തുന്നവര്‍ക്ക് സുപരിചിതമാണ്. പലവിധ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പച്ചക്കറിതോട്ടം മുതലായവ നട്ടുപിടിപ്പിച്ച് പച്ചപ്പാര്‍ന്ന 98സെന്റ് സ്ഥലം സ്വന്തമായുള്ള സബ്ബ് രജിസ്ട്രാര്‍ ഓഫീസ് കേരളത്തില്‍ തന്നെ അപൂര്‍വമാണ്.
കേരളം, കര്‍ണാടക എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളിലെ രേഖകള്‍ കൈകാര്യം ചെയ്തിരുന്ന അപൂര്‍വം സബ് രജിസ്ട്രാര്‍ ഓഫീസുകളിലൊന്നാണ് മഞ്ചേശ്വരത്തേത്. ആദ്യഘട്ടത്തില്‍ സൗത്ത് കാനറയിലെ മംഗളൂരു താലൂക്കില്‍പെടുന്ന കൈരംഗള, കിന്യാ, കോട്ടെക്കാര്‍, മംജനാടി, നരിംഗാന,തലപ്പാടി എന്നീ ഗ്രാമങ്ങളുള്‍പ്പെടുന്ന 35 ഗ്രാമങ്ങള്‍ മഞ്ചേശ്വരം പരിധിയില്‍ പെട്ടതായിരുന്നു. കേരള സംസ്ഥാന രൂപീകരണശേഷം ഇപ്പോള്‍ മഞ്ചേശ്വരം, മംഗല്‍പാടി, പൈവളികെ, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളില്‍പ്പെടുന്ന 31ഗ്രാമങ്ങളാണ് ഈഓഫീസ് പരിധിയില്‍ വരുന്നത്. മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലുള്ള ആധാരങ്ങളും ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
2019ല്‍ 4663ആധാരങ്ങളാണ് ഈ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത്. 8040കുടിക്കട സര്‍ട്ടിഫിക്കറ്റുകളും 1910ആധാര പകര്‍പ്പുകളും 913 ഗഹാന്‍/ഗഹാന്‍ റിലീസുകളും കഴിഞ്ഞ വര്‍ഷം നല്‍കുകയുണ്ടായി. കൂടാതെ ഒമ്പത് രജിസ്റ്റര്‍ വിവാഹങ്ങളും രേഖപ്പെടുത്തുകയുണ്ടായി. ഓഫീസിന്റെ 2019ലെ വരുമാനം 7,25,81,955 രൂപയാണ്.
മഞ്ചേശ്വരം: ഒരു നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് മ്യൂസിയമാക്കി പരിവര്‍ത്തിപ്പിച്ച് സംരക്ഷിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് നിവേദനം നല്‍കിയിട്ടുണ്ട്. സംഭവബഹുലമായ ഭൂതകാലത്തിന്റെ ഓര്‍മകള്‍ പേറി ഒരുപാട് സ്മരണകള്‍ ഉറങ്ങുന്ന സാമൂഹികയിടത്തെ പൊതുജനത്തിനും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി നിലനിര്‍ത്തേണ്ടതുണ്ട്. അത് പൈതൃക സ്വത്തായി സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments