കാസര്‍കോട് (www.evisionnews.co): ബദിയടുക്കയിലെ വ്യാപാരിയുടെ വീട്ടില്‍ നിന്നും കളവുപോയത് 30പവന്‍ സ്വര്‍ണമെന്ന് പൊലീസ്. ഒന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. ബദിയടുക്ക ടൗണില്‍ അക്ഷയ ഫാന്‍സി കട നടത്തുന്ന ശ്രീനിവാസ റാവുവിന്റെ പൂട്ടിയിട്ടിരുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. കുടുംബ സമേതം കൊല്‍ക്കത്തയിലേക്ക് പോയ സമയത്തായിരുന്നു മോഷണം. വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ട അയല്‍വാസിയാണ് കവര്‍ച്ച നടന്ന വിവരം പൊലീസിലും അറിയിച്ചത്.
വീട്ടിനകത്തുണ്ടായിരുന്ന അഞ്ച് അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. 80പവന്‍ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നുവെന്ന് ഫോണില്‍ വിവരമറിച്ചപ്പോള്‍ ശ്രിനിവാസ റാവു വെളിപ്പെടുത്തിയിരുന്നു. അവ പൂര്‍ണമായും നഷ്ടപ്പെട്ടതായാണ് കരുതിയത്. എന്നാല്‍ ശ്രീനിവാസയും കുടുംബവും കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചെത്തി പൊലീസ് സാന്നിധ്യത്തില്‍ പരിശോധിച്ചപ്പോഴാണ് മുപ്പത് പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കളവുപോയെന്ന് കരുതിയ അവശേഷിച്ച അമ്പത് പവന്‍ അലമാരയില്‍ തന്നെ കണ്ടെത്തി. അമ്പതിനായിരം രൂപയും അവിടെ കണ്ടെത്തി.
മുപ്പത് പവന്‍ സ്വര്‍ണത്തിന് പുറമെ മറ്റൊരു അലമാരയിലായിരുന്ന ഒന്നരലക്ഷവും കളവ് പോയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഡീ. എസ്.പി പ്രശോഭ്, ഡി.വൈ.എസ്.പി എം. ഹസൈനാര്‍, ബദിയടുക്ക സി.ഐ അനില്‍കുമാര്‍ എന്നിവര്‍ കവര്‍ച്ച നടന്ന വീട്ടിലെത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. 29വിരലടയാളങ്ങള്‍ വീട്ടിനകത്ത് നിന്ന് ലഭിച്ചു. പൊലീസ് നായ വീട്ടിനകത്തും പരിസരത്തും മണം പിടിച്ച ശേഷം പിറകുവശത്തെ ഗേറ്റിനടുത്തേക്ക് വരെ ഓടി അവിടെ നിന്നു. ഗേറ്റ് വഴിയാകാം മോഷ്ടാക്കള്‍ അകത്തുകയറിയതെന്നാണ് സംശയിക്കുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നായിരുന്നു കവര്‍ച്ച. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
Post a Comment
0 Comments