കാസര്‍കോട് (www.evisionnews.co): ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്ന് 21.406 കിലോ സ്വര്‍ണ്ണവും 2,95,089 രൂപയും കൊള്ളയടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികള്‍ നല്‍കിയ അപ്പീല്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. ബളാല്‍ കല്ലഞ്ചിറയിലെ അബ്ദുല്‍ ലത്തീഫ്(29), ബല്ലാകടപ്പുറത്തെ മുബഷീര്‍ (21), ചെങ്കള നാലാംമൈലിലെ മനാഫ്(30) എന്നിവര്‍ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്. ഈ കേസിലെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളെ ഏഴുവകുപ്പുകളിലായി 22വര്‍ഷം കഠിനതടവിനും 1.25 കോടി രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകുമെന്നതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷം തടവാണ് അനുഭവിക്കേണ്ടത്.
മടിക്കേരി കുശാല്‍നഗര്‍ ബെത്തിനബള്ളിയിലെ എസ്. സുലൈമാന്‍(45), നാലാംപ്രതി ഇടുക്കി രാജഗുടിയിലെ എം.ജെ മുരളി(45) എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികള്‍. കേസിലെ അഞ്ച് പ്രതികള്‍ക്കും കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റുപ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. കേസിലെ ആറാംപ്രതിയായ മടിക്കേരി കുശാല്‍നഗര്‍ ശാന്തിപ്പള്ളയിലെ അഷ്റഫിനെ(38) ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കവര്‍ച്ചാസ്വര്‍ണ്ണം മുഴുവനായും കണ്ടെടുക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. ബാക്കി സ്വര്‍ണ്ണം ഒളിവില്‍ കഴിയുന്ന പ്രതിയുടെ കൈവശമാണുള്ളത്.
Post a Comment
0 Comments