Type Here to Get Search Results !

Bottom Ad

തളങ്കര തീരദേശ റോഡ് നിർമ്മാണം പാതിവഴിയിൽ: ജില്ലാ ഭരണകൂടത്തിന് മൗനം. എ. അബ്ദുൽ റഹ്മാൻ

Image result for stu abdul rahmanകാസർകോട് (www.evisionnews.co): ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി രണ്ട് കോടി അനുവദിച്ച് വർഷങ്ങൾക്ക് മുമ്പ് പ്രവർത്തി ആരംഭിച്ച തളങ്കര പടിഞ്ഞാർ - പള്ളം തീരദേശ റോഡിന്റെ നിർമ്മാണം ജില്ലാ ഭരണകൂടത്തിന്റെ നിസ്സംഗതമൂലം പാതിവഴിയിലായിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ പ്രസ്താവിച്ചു.

കാസർകോട് നഗരസഭയിലെ 29, 30,31 വാർഡുകളിലായി രണ്ട് കിലോമീറ്ററോളം ദൂരത്തിൽ ചന്ദ്രഗിരി പുഴയോട് ചേർന്ന് പ്രവർത്തി ആരംഭിച്ച തീരദേശ റോഡിന്റെ നിർമ്മാണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. തീരദേശ റോഡ് നിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ നീക്കാൻ ജില്ലാ കലക്ടർ അടക്കം ഇടപെടുകയും നിർമ്മാണം ഒരു കിലോമീറ്ററിലധികം എത്തിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. അത് വഴി ബന്ധപ്പെട്ട കരാറുകാരന് അടങ്കൽ തുകയുടെ പകുതിയിലേറെ പണം ലഭ്യമാകുകയും ചെയ്തതോടെ പ്രവർത്തി പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്.

നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് തളങ്കരയിൽ നിന്നും നെല്ലിക്കുന്നിലേക്ക് എളുപ്പ വഴിയിൽ എത്തിച്ചേരാനും, പ്രഭാതസവാരിക്കും മറ്റും അനുയോജ്യമായ തീരദേശ റോഡ് യഥാർത്ഥ്യമായാൽ മത്സ്യതൊഴിലാളികളടക്കമുള്ള ആയിരങ്ങൾക്ക് ഉപകാരപ്രദമാകുമായിരുന്നു.

രണ്ട് കോടി രൂപ ചിലവിൽ പൂർത്തീകരിക്കേണ്ട തളങ്കര പടിഞ്ഞാർ - പള്ളം തീരദേശ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാത്തത് ജില്ലാ ഭരണകൂടത്തിന്റെ താല്പര്യക്കുറവ് മൂലമാണ്.

നടക്കുന്നതും നടക്കാത്തതുമായ പദ്ധതികളുടെ പേരിൽ നിത്യേന പ്രഖ്യാപനങ്ങളും, അവകാശവാദങ്ങളും നടത്തുന്ന ജില്ലാ കലക്ടർ തളങ്കര തീരദേശ റോഡിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചത് സംബന്ധിച്ച് മൗനം പാലിക്കുന്നത് സംശയങ്ങൾക്ക് ഇടം നൽകുകയാണെന്നും തീരദേശ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അബ്ദുൽറഹ്മാൻ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad