കാസര്‍കോട് (www.evisionnews.co): ജില്ലയിലെ കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഭെല്‍ ഇഎംഎല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. വര്‍ഷങ്ങളായി നഷ്ടത്തിലുള്ള കമ്പനിയില്‍ ശമ്പളമില്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ 180ദിവസത്തിലധികമായി സമരത്തിലാണ്. ഭെല്‍ സമരം ജില്ലയുടെ തന്നെ പൊതുവിഷയമായി മാറുകയാണ്. അവഗണനയുടെ ബാക്കിപത്രമായി മാറിയ കമ്പനിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ അനന്തമായി നീളുന്ന സാഹചര്യത്തിലാണ് കാസര്‍കോട് മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്ന് മാര്‍ച്ച് ഏഴിന് സത്യാഗ്രഹ സമരം നടത്തുന്നത്. രാവിലെ 10മണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടിലാണ് സത്യാഗ്രഹം.
നാല്‍പത് കോടിയിലധികം രൂപയുടെ ബാധ്യത നേരിടുന്ന കമ്പനിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതായിട്ട് 15മാസമായി. 164 സ്ഥിരം ജീവനക്കാരടക്കം 180ഓളം പേര്‍ ജോലിചെയ്യുന്ന കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലാണ്. 18കോടി രൂപ മുതല്‍ മുടക്കില്‍ ഫ്രാന്‍സിന്റെ സാങ്കേതിക സഹായത്തോടെ പിന്നോക്ക പ്രദേശമായ കാസര്‍കോട് മണ്ഡലത്തിലെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ബെദ്രടുക്കയില്‍ ആരംഭിച്ച കെല്‍ യൂണിറ്റാണ് 2011 മാര്‍ച്ച് 28ന് ഭെല്‍ ഇഎംഎല്‍ ആയി മാറിയത്. കാസര്‍കോട് കെല്‍ യൂണിറ്റിന്റെ മുഴുവന്‍ സ്ഥലവും കെട്ടിടവും മെഷിനറികളുമെല്ലാം ഉള്‍പ്പടെ 10.5കോടി രൂപ വില കണക്കാക്കി അതിന്റെ 51ശതമാനം ഓഹരികള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് കൈമാറുകയായിരുന്നു.
2016ല്‍ കമ്പനിയുടെ 51ശതമാനം ഓഹരികള്‍ ഭെല്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനം തന്നെ ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. 2017ജൂണ്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഓഹരികള്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഉല്‍പാദനം മുടങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് 6.5 കോടി രൂപ രണ്ട് പ്രാവശ്യമായി വായ്പ നല്‍കിയത് ആശ്വാസമായെങ്കിലും ബാധ്യതകള്‍ കുന്നുകൂടിയതോടെ ശമ്പളം മുടങ്ങുകയും ഉല്‍പാദനം നിലക്കുകയും ചെയ്തിരിക്കയാണ്. 30കോടിയോളം രൂപയുടെ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തന മൂലധനത്തിന്റെയും, വിദഗ്ദ മാനേജ്‌മെന്റിന്റെയും അഭാവം കാരണം ഓര്‍ഡറുകള്‍ നഷടപ്പെട്ട് കൊണ്ടിരിക്കുകയാണ്. വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ എഎം കടവത്ത്, കണ്‍വീനര്‍ കരുണ്‍താപ്പ, എസ്ടിയു സംസ്ഥാന ട്രഷറര്‍ കെപി മുഹമ്മദ് അഷ്‌റഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ സംബന്ധിച്ചു.
Post a Comment
0 Comments