Type Here to Get Search Results !

Bottom Ad

കുഡ്‌ലു ബാങ്ക് കവര്‍ച്ചാ കേസ്: ജില്ലാ കോടതിയില്‍ വിചാരണ പുനരാരംഭിച്ചു


കാസര്‍കോട് (www.evisionnews.co): കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് ഏരിയാല്‍ ശാഖയില്‍ നിന്ന് 17കിലോ 680 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 13ലക്ഷം രൂപയും കവര്‍ന്ന കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ പുനരാരംഭിച്ചു. നേരത്തെ കേസില്‍ വിചാരണ ആരംഭിച്ചിരുന്നെങ്കിലും വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതികള്‍ മേല്‍ക്കോടതികളില്‍ നല്‍കിയ ഹരജികള്‍ കാരണം നിയമപോരാട്ടം നീണ്ടുപോയതിനാല്‍ വിചാരണയും മുടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം ബാങ്ക് സെക്രട്ടറിയെ കോടതി വിസ്തരിച്ചു. ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട്ട് താമസക്കാരനുമായ ദുല്‍ദുല്‍ ഷരീഫ് എന്ന മുഹമ്മദ് ഷരീഫ്, ചൗക്കി അജോല്‍ റോഡിലെ അബ്ദുല്‍ കരീം, മുജീബ്, ചൗക്കി കുന്നിലെ മഹ്ഷൂഖ്, ചൗക്കി ബദര്‍ നഗറിലെ മുഹമ്മദ് സാബിര്‍, ഷാനവാസ്, അര്‍ഷാദ്, ഫിലിപ്പോസ്, ഫെലിക്‌സ് നെറ്റോ എന്ന ജോമോന്‍, കവര്‍ച്ചാ സ്വര്‍ണ്ണം വില്‍ക്കുന്നതിന് സഹായികളായി പ്രവര്‍ത്തിച്ച ദില്‍സത്ത്, സുമം എന്നിവരാണ് ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതികള്‍.

2015 സെപ്തംബര്‍ ഏഴിന് ഉച്ചയോടെയാണ് കുഡ്‌ലു ബാങ്കില്‍ കവര്‍ച്ച നടന്നത്. രണ്ട് മണിയോടെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘം പെട്ടെന്ന് ബാങ്കിനകത്തേക്ക് ഇരച്ചുകയറുകയും ഗ്രില്‍സ് അടയ്ച്ച ശേഷം കത്തി കാട്ടി ബാങ്കിനകത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരികളെ ബന്ദികളാക്കുകയുമായിരുന്നു. ലോക്കര്‍ തുറന്ന സംഘം ഇവിടെയുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണ്ണവും കവര്‍ച്ച ചെയ്ത് ജീവനക്കാരികളെയും ഇടപാടുകാരിയെയും ബാങ്കിനകത്താക്കി പൂട്ടി സംഘം ബൈക്കില്‍ തന്നെ കടന്നുകളഞ്ഞു. ബാങ്ക് മാനേജര്‍ സംഭവസമയം ഭക്ഷണം കഴിക്കാന്‍ പുറത്തു പോയതായിരുന്നു. അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ ഡി വൈഎസ്പി, ടിപി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad