കാസര്‍കോട് (www.evisionnews.co): കീഴൂര്‍- മംഗളൂരു ഖാസി താഖ അഹമ്മദ് മൗലവിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന പരാതിയില്‍ മംഗളൂരു സിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് രാത്രി 10.40മണിയോടെ മംഗളൂരു അയലങ്ങാടി ബെള്ളൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് കാസര്‍കോട്ടേക്ക് വരുന്നതിനിടെ വിജനമായ സ്ഥലത്ത് താഖ സഞ്ചരിച്ച കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പഞ്ചറായിരുന്നു.
ഡ്രൈവര്‍ വണ്ടിയില്‍ നിന്നിറങ്ങി ടയര്‍ മാറ്റിക്കൊണ്ടിരിക്കുന്നതിനിടെ ഒരു യുവാവ് ബൈക്കിലെത്തി സഹായിക്കണോ എന്ന് ചോദിക്കുകയും ടയര്‍ മാറ്റിക്കഴിഞ്ഞതിനാല്‍ ഡ്രൈവര്‍ സഹായം നിരസിക്കുകയുമായിരുന്നു. ഇതോടെ ബൈക്കില്‍ വന്ന യുവാവ് തിരിച്ചുപോയി. പിറ്റേദിവസം കേടായ ടയര്‍ പഞ്ചറൊട്ടിക്കാന്‍ അഴിച്ചപ്പോഴാണ് ടയറിനകത്ത് മൂര്‍ച്ചയേറിയ ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്. ഡ്രൈവര്‍ സൈഫുദ്ദീന്‍ ഇക്കാര്യം താഖാ അഹമ്മദ് മൗലവിയെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തന്നെ ആക്രമിച്ച് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ചിലര്‍ തന്റെ പിന്നാലെയുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സിഎം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന താഖ അഹമ്മദ് മൗലവിക്കെതിരെ നേരത്തെയും ഭീഷണിയുണ്ടായിരുന്നു.
Post a Comment
0 Comments