കാസര്‍കോട് (www.evisionnews.co): സ്‌കൂളുകളിലെ സെന്റ് ഓഫ് പ്രമാണിച്ച് വാഹനങ്ങളുപയോഗിച്ചുള്ള വിദ്യാര്‍ത്ഥികളുടെ റോഡ് ഷോയും ലൈസന്‍സില്ലാതെയും അമിത വേഗത്തിലും മൂന്നുപേരെ കയറ്റിയും അമിത ശബ്ദത്തോടു കൂടിയതുമായ വാഹന ഉപയോഗവും കര്‍ശനമായി നിയന്ത്രിക്കാന്‍ നടപടി തുടങ്ങി. കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ഇ. മോഹന്‍ദാസിന്റെ നിര്‍ദ്ദേശ പ്രകാരം ഷേണി എസ്എസ്എച്ച്എസില്‍ നടത്തിയ പരിശോധനയില്‍ വാടകക്കെടുത്ത ഒരു കാറും ഏഴോളം ആഡംബര ബൈക്കുകളും പിടികൂടി. രണ്ട് ബൈക്കുകളും ഒരു കാറും മതിയായ രേഖകളില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുത്തു.
ഇതിനിടെ അംഗടിമുഗര്‍ നാട്ടകല്ലില്‍ ഒരു കുട്ടിയോടിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് മറിഞ്ഞു. എതിരെവന്ന കര്‍ണാടക വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് കൊണ്ട് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചത് അംഗടിമുഗര്‍ സ്‌കൂളില്‍ സെന്റ് ഓഫില്‍ പങ്കെടുത്ത കുട്ടിയാണെന്നാണ് വിവരം. ഷേണി സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി സെന്റ് ഓഫ് വിവരവും വാഹന സജ്ജീകരണവും അറിയിച്ചതിനാലാണ് കൃത്യമായ ഇടപെടല്‍ നടത്താന്‍ ആര്‍.ടി.ഒക്ക് കഴിഞ്ഞത്. ഇത്തരം അപകടകരമായ ആഘോഷങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ കൃത്യമായ വിവരം നല്‍കണമെന്നും കര്‍ശന പരിശോധന ഉണ്ടായിരിക്കുമെന്നും ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്റ് മോഹന്‍ദാസ് അറിയിച്ചു. പരിശോധനയില്‍ എം. വി.ഐ. മാരായ പി.വി. രതീഷ്, ടി. വൈകുണ്ഠന്‍, എ.എം.വി.ഐമാരായ ഗണേശന്‍ കെ.വി. പ്രഭാകരന്‍ എം.വി, ജിജോ വിജയ്, പ്രവീണ്‍ കുമാര്‍, ഡ്രൈവര്‍ മനോജ് കുമാറും പങ്കെടുത്തു.
Post a Comment
0 Comments