ഡല്‍ഹി (www.evisionnews.co): വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തിനിടെ രണ്ട് ദിവസം മുമ്പ് ഖജുരി ഖാസ് പ്രദേശത്ത് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോയ പതിമൂന്ന് വയസുകാരിയെ കാണാതായതായി റിപ്പോര്‍ട്ട്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം സോണിയ വിഹാര്‍ നഗരപ്രാന്തത്തിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് 4.5 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ പോയെങ്കിലും പിന്നീട് തിരിച്ചെത്തിയിട്ടില്ല.
'വൈകുന്നേരം 5.20 ന് ഞാന്‍ അവളെ സ്‌കൂളില്‍ നിന്ന് കൂട്ടികൊണ്ടുവരേണ്ടതായിരുന്നു. പക്ഷേ ഞങ്ങളുടെ പ്രദേശത്ത് നടന്ന അക്രമത്തില്‍ ഞാന്‍ പെട്ടുപോയി. അതിനുശേഷം എന്റെ മകളെ കാണാനില്ല.'' റെഡിമെയ്ഡ് വസ്ത്രങ്ങളുടെ തൊഴില്‍ ചെയ്യുന്ന പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് ദിവസമായി ശിവ് വിഹാറിലെ ഒരു വീട്ടില്‍ കുടുങ്ങിക്കിടക്കുന്ന കുടുംബാംഗങ്ങളുമായി ചൊവ്വാഴ്ച രാത്രി മുതല്‍ ബന്ധപ്പെടാനായിട്ടില്ലെന്ന് മൗജ്പൂരിലെ വിജയ് പാര്‍ക്കില്‍ താമസിക്കുന്ന മറ്റൊരാള്‍ പറഞ്ഞു.
'മദീന പള്ളിക്കടുത്തുള്ള ശിവ് വിഹാറില്‍ എനിക്ക് ഒരു വീട് ഉണ്ട്. എന്റെ രണ്ട് കുട്ടികള്‍ അവിടെ താമസിക്കുന്നു, രണ്ട് പേര്‍ എന്നോടൊപ്പം വിജയ് പാര്‍ക്കില്‍ താമസിക്കുന്നു. പ്രദേശത്തെ അക്രമങ്ങള്‍ കാരണം എനിക്ക് അവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല, കഴിഞ്ഞ രാത്രി മുതല്‍ അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടു, വീടിനെ ചുറ്റിപ്പറ്റിയുള്ള ജനക്കൂട്ടത്തെക്കുറിച്ച് അവര്‍ ഇന്നലെ എന്നോട് പറഞ്ഞിരുന്നു, അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു, പക്ഷേ ഇപ്പോള്‍ അവര്‍ എവിടെയാണെന്ന് എനിക്ക് ഒരു സൂചനയും ഇല്ല. പ്രദേശത്ത് പിരിമുറുക്കം തുടരുകയാണ്, ഞങ്ങളെ സഹായിക്കണമെന്ന് പൊലീസിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' 70കാരനായ മുഹമ്മദ് സാബിര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Post a Comment
0 Comments