ദേശീയം (www.evisionnews.co): യുവതി പ്രവേശന വിധിക്കെതിരെ നല്‍കിയിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. അതേസമയം പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച് വിശാലബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട ഏഴ് നിര്‍ണായക ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുകയെന്നും സുപ്രീം കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. ഹിന്ദു എന്നതിന്റെ നിര്‍വചനം, ഭരണഘടനാ ധാര്‍മികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ ഉള്‍പ്പെടെ ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഒമ്പതംഗ ബെഞ്ചിന്റെ ലക്ഷ്യം.
ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഒമ്പതംഗ ബെഞ്ചിന്റെ വിധിക്ക് ശേഷമാകും.
Post a Comment
0 Comments