ദേശീയം (www.evisionnews.co): ആദായ നികുതി നിയമവും, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും കേന്ദ്രസര്‍ക്കാര്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രജ്യത്ത് വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്നും അവര്‍ വ്യക്തമാക്കി. ചെന്നൈയില്‍ നടന്ന നാനി പല്‍കിവാല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
കോര്‍പറേറ്റ് നിയമ ഭേദഗതികള്‍, നികുതി തര്‍ക്ക പരിഹാരങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയവ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളാണെന്നും നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ കമ്പനി നിയമത്തില്‍ മാറ്റങ്ങള്‍ വരും. എന്നാല്‍ ഇത് പൊതുജനത്തെ ബാധിക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി.
ഏകദേശം 46 നിയമ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് അവ എടുത്തുകളയുകയോ അല്ലെങ്കില്‍ അവ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയോ ചെയ്യും. അതല്ലെങ്കില്‍ പിഴ ഈടാക്കാന്‍ മാത്രം വ്യവസ്ഥയുള്ള നിയമമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കമ്പനി നിയമങ്ങള്‍ക്ക് ശേഷം ആദായ നികുതി നിയമവും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും ഇത്തരത്തില്‍ ഭേദഗതി ചെയ്യുമെന്നും പറഞ്ഞ മന്ത്രി വ്യവസായം ചെയ്യാനെത്തുന്നവരെ സംശയക്കണ്ണുകളോടെ നോക്കുന്ന സര്‍ക്കാരല്ല രാജ്യത്തുള്ളതെന്നും വ്യക്തമാക്കി.
Post a Comment
0 Comments