കാസര്‍കോട് (www.evisionnews.co): മിയാപ്പദവ് സ്‌കൂളിലെ അധ്യാപക രൂപശ്രീ (40)യുടെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവില്‍. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ വെങ്കിട്ട രമണയെ പോലീസ് കസ്റ്റഡിയിലെടുത്തു.
രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹം കാറില്‍ കൊണ്ടുവന്ന് കടല്‍തീരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പുമുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്.
ലോക്കല്‍ പോലീസ് അന്വേഷണം തൃപ്തികരമാല്ലാത്തതിനെ തുടര്‍ന്ന് രണ്ടുദിവസംമുമ്പാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഡി.വൈ.എസ്.പി എ. സതീഷ് കുമാര്‍, മഞ്ചേശരം എ.എസ് ഐ പി. ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. മൃതദേഹം കൊണ്ടുപോയെന്ന് സംശയിക്കുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജനുവരി 16 വ്യാഴാഴ്ച വൈകിട്ടാണ് രൂപശ്രീയെ കാണാതായത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയത്. തലയിലെ മുടിമുഴുവന്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം മുതലേ ഭര്‍ത്താവും ബന്ധുക്കളും പോലീസിനെ അറിയിച്ചിരുന്നു. മുങ്ങി മരണമെന്നായിരുന്നു ഫോറന്‍സിക് കണ്ടെത്തല്‍.
Post a Comment
0 Comments