കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. ചൈനയില്‍ നിന്നും മറ്റുകൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ പരിചയക്കാര്‍ക്കോ കൊറോണ വൈറസുമായി ബന്ധപെട്ട രോഗലക്ഷണങ്ങള്‍ കാണുകയാണെകില്‍ അധികൃതരെ ഉടന്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ വി.എം കൃഷ്ണദേവന്‍ അധ്യക്ഷത വഹിച്ചു. മുന്‍കരുതലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. വൈറസ് ബാധക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ ആരതി രഞ്ജിത്ത് വിശദീകരിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്റ്റെല്ല ഡേവീഡ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. രാമസുബ്രമണ്യം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എടി മനോജ്, മൃഗസംരക്ഷ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നാഗരാജ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷൈല, ജില്ലാ ലേബര്‍ ഓഫീസര്‍ എം. കേശവന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഉദയശങ്കര്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് കെ.വി, വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍ ഇന്‍ ചാര്‍ജ് ഉഷാകുമാരി, വിവിധ വകുപ്പ് മേധാവികള്‍ സംബന്ധിച്ചു.
ലക്ഷങ്ങള്‍ ഇവയാണ്
പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസം മുട്ടല്‍, ശ്വാസതടസം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധിച്ചതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളുള്ളവരുടെ സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കി രോഗ നിര്‍ണയം ഉറപ്പുവരുത്താം. പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ, ജനറല്‍ ആസ്പത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍ട്രോള്‍ സെല്‍ നമ്പര്‍ 9946000493. കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയും ചികിത്സാ സൗകര്യമുണ്ട്.
പ്രതിരോധ മാര്‍ഗങ്ങള്‍
ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മറക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക. വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ തുടങ്ങി കുട്ടികള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ കൈകഴുകുന്ന ശീലത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക,് വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്. അനാവശ്യ ആസ്പത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. മത്സ്യ മാംസാദികള്‍ നന്നായി ചൂടാക്കി പാചകം ചെയ്തു ഉപയോഗിക്കുക. പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക. പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
Post a Comment
0 Comments