കോഴിക്കോട് (www.evisionnnews.co): പൗരത്വ ഭേദഗതി നിയമവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലെത്തിയ ബി.ജെ.പി നേതാക്കളില്‍ നിന്ന് ലഘുലേഖ ഏറ്റുവാങ്ങുന്ന ഫോട്ടോ പുറത്തുവന്നതോടെ വിശദീകരണവുമായി സമസ്ത നേതാവും പ്രഭാഷകനുമായ നാസര്‍ ഫൈസി കൂടത്തായി. വീട്ടില്‍ വന്നവരോടുള്ള ആതിഥ്യ മര്യാദമാത്രമാണ് കാട്ടിയതെന്നും ഫാഷിസത്തോടും പൗരത്വ ഭേദഗതി നിയമത്തോടുമുള്ള നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചെയ്തത് വലിയ തെറ്റാണെന്നും ഇത് സമൂഹത്തിന്റെ ഫാഷിസത്തിനെതിരെയുള്ള പോരാട്ടമാണ്. അതില്‍ അടുപ്പിക്കാന്‍ പറ്റാത്തവരെ ഉമ്മറത്ത് പോലും കയറ്റരുതെന്നും കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു.
വിവാദത്തിന് പിന്നാലെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂരും വിയോജിപ്പുമായി രംഗത്തെത്തി. ഫാഷിസത്തിനെതിരെ നാം സന്ധിയില്ലാ സമരത്തിലാണ്. സ്വതന്ത്ര ഇന്ത്യയില്‍ നൂറില്‍പരം തവണ ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടപ്പോഴും മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഒരു ഭരണകൂടവും ധാര്‍ഷ്ട്യം കാണിച്ചിട്ടില്ല. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു. മുസ്‌ലിമായി എന്ന ഒറ്റക്കാരണത്താല്‍ അസമിലെ ആറുലക്ഷം സഹോദരങ്ങള്‍ തടങ്കല്‍ പാളയത്തിലേക്കോ രാജ്യാതിര്‍ത്തിയിലേക്കോ ഉള്ള ക്യൂവിലാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ചര്‍ച്ചയുമില്ല. ആതിഥ്യ മര്യാദയും വേണ്ട. ഈ പോരാട്ടം പരാജയപ്പെട്ടാല്‍ ഇനി നിലനില്പില്ല. അദ്ദേഹത്തിന്റെ ഫേസ് ബുക്കില്‍ പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിലും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഫൈസിക്കെതിരെ ഉയരുന്നത്.
Post a Comment
0 Comments