കാസര്‍കോട് (www.evisionnews.co): റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ (65) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സാക്ഷി വിസ്താരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായതോടെ ഇനി പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദപ്രതിവാദങ്ങള്‍ നടക്കും. ജനുവരി 24നാണ് വാദപ്രതിവാദങ്ങള്‍ ആരംഭിക്കുക. ജാനകി വധക്കേസിലെ ഒന്നാം പ്രതി വിശാഖിന്റെ അമ്മ ഇന്ദിരയെ കഴിഞ്ഞ ദിവസം കോടതി വിസ്തരിച്ചു.
അതേസമയം കേസില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്വര്‍ണ്ണം തന്റേതാണെന്നും താന്‍ പണയം വെക്കാന്‍ ഏല്‍പ്പിച്ച സ്വര്‍ണ്ണമാണ് പൊലീസ് കണ്ടെടുത്തതെന്നും ഇന്ദിര കോടതിയെ അറിയിച്ചു. പണയം വെക്കാനായി ഏല്‍പ്പിച്ചതായി പറയുന്ന സ്വര്‍ണ്ണവും വീട്ടില്‍ നിന്നും കൊണ്ടുപോയ ചെക്ക് ഉള്‍പ്പെടെയുള്ള രേഖകളും പൊലീസ് കൊണ്ടുപോയി വ്യാജ തെളിവുണ്ടാക്കുകയായിരുന്നുവെന്നാണ് ഇന്ദിര മൊഴി നല്‍കിയത്.
എന്നാല്‍ ഇക്കാര്യം പൊലീസില്‍ പറഞ്ഞിട്ടില്ലെന്നും ആദ്യമായി കോടതിയിലാണ് പറയുന്നതെന്നും പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരത്തില്‍ ഇന്ദിര വ്യക്തമാക്കി. പുലിയന്നൂര്‍ ചീര്‍ക്കുളത്തെ പുതിയവീട്ടില്‍ വിശാഖി(27)നെ കൂടാതെ സുഹൃത്തുക്കളായ ചെറുവാങ്ങക്കോട്ടെ റനീഷ് (23), മക്ലിക്കോട് അള്ളറാട് വീട്ടിലെ അരുണ്‍ (25) എന്നിവരാണ് മറ്റു പ്രതികള്‍. 2017 ഡിസംബര്‍ 13ന് രാത്രിയാണ് പുലിയന്നൂരിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തത്. ജാനകിയുടെ ഭര്‍ത്താവ് ക്യഷ്ണന്‍ മാസ്റ്ററെയും സംഘം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
Post a Comment
0 Comments