മസ്‌കറ്റ് (www.evisionnews.co): ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 49വര്‍ഷമായി ഒമാന്റെ ഭരണാധികാരിയാണ്. 50വര്‍ഷം തികയ്ക്കാന്‍ ഏഴുമാസം ബാക്കി നില്‍ക്കെയാണ് മരണം തട്ടിയെടുത്തത്. ആധുനിക ഒമാന്റെ ശില്‍പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 40 ദിവസത്തെ ദു:ഖാചരണവും മൂന്ന് ദിവസം പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കിരീടാവകാശിയെ നേരത്തെ പ്രഖ്യാപിക്കാതിരുന്നതിനാല്‍ പുതിയ ഭരണാധികാരിയെ കണ്ടെത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണ്. രാജകുടുംബവും ഉന്നത സൈനിക സമിതിയും അടിയന്തര യോഗം ചേരും.
1940 നവംബര്‍ 18 ന് സലാലയിലായിരുന്നു ഖാബൂസിന്റെ ജനനം. അന്നത്തെ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ശൈഖ മസൂനയുടെയും ഏക മകന്‍. ഇംഗ്ലണ്ടിലായിരുന്നു ഉപരിപഠനം. 1970 ജൂലൈ 23ന് ഖാബൂസ് പിതാവ് സഈദ് ബിന്‍ തൈമൂറില്‍ നിന്ന് അധികാരം പിടിച്ചെടുത്തു. അന്ന് മുതല്‍ ഒമാന്റെ എല്ലാമെല്ലാം സുല്‍ത്താന്‍ ഖാബൂസാണ്. ഊഷര ഭൂമിയില്‍ നിന്ന് ആധുനികതയിലേക്ക് ഒമാനെ നയിച്ച ഭരണാധികാരി. ഇന്ത്യന്‍ കറന്‍സി മാറ്റി നാട്ടില്‍ സ്വന്തം കറന്‍സി കൊണ്ടുവന്നു. ശക്തമായ നിയമവ്യവസ്ഥ ഏര്‍പ്പെടുത്തി. ഗള്‍ഫിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യത്ത് ഓരോ ഗ്രാമത്തിലും വൈദ്യുതിയും വെള്ളവും ആരോഗ്യവും വിദ്യാഭ്യാസവും എത്തിച്ചു. വിസ്മയകരമായ വികസന മുന്നേറ്റമാണ് സുല്‍ത്താന്‍ കാഴ്ച വെച്ചത്.
2014ല്‍ രോഗബാധിതനായ സുല്‍ത്താന്‍ ദീര്‍ഘകാലം ജര്‍മനിയില്‍ ചികിത്സയിലായിരുന്നു. അര്‍ബുദ രോഗബാധ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ ഡിസംബര്‍ 14നാണ് ഏറ്റവും ഒടുവില്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയത്. മരണം സ്വന്തം മണ്ണിലാവണം എന്നതായിരുന്നു ആഗ്രഹം. വിവാഹ മോചിതനായ സുല്‍ത്താന് മക്കളില്ലായിരുന്നു. അതുകൊണ്ട് ഒമാന് പ്രഖ്യാപിത കിരീടാവകാശിയും ഉണ്ടായില്ല. ഒമാനി പൗരന്‍മാര്‍ക്കും ലക്ഷക്കണക്കിന് പ്രവാസികള്‍ക്കും എന്നും സുല്‍ത്താന്‍ ഖാബൂസിന് പകരം സുല്‍ത്താന്‍ ഖാബൂസ് മാത്രമായിരുന്നു.
Post a Comment
0 Comments