കാസര്‍കോട് (www.evisionnews.co): നാടിന്റെ കാലങ്ങളായുള്ള ആവശ്യം ഇനി കിഫ്ബിയിലൂടെ യാഥാര്‍ത്ഥ്യമാകും. കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ത്തീകരണ പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്. നുള്ളിപ്പാടി മൈതാനത്ത് നടക്കുന്ന നിര്‍മ്മിതി പ്രദര്‍ശന പരിപാടിയില്‍ കിഫ്ബി പദ്ധതികളുടെ മണ്ഡലം തിരിച്ചുള്ള അവലോകനത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. എം.എല്‍.എമാരായ എം.സി കമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, റവന്യൂ മന്ത്രിയുടെ മണ്ഡലം പ്രതിനിധി, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍, കിഫ്ബി ഭാരവാഹികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് പ്രഖ്യാപനം. ഇത് കാസര്‍കോടിന് കിട്ടിയ സ്‌നേഹ സമ്മാനമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രതികരിച്ചു. മറ്റ് എം.എല്‍.എമാര്‍ പ്രഖ്യാപനത്തില്‍ സന്തോഷമറിയിച്ചു.
മണ്ഡലങ്ങളില്‍ കിഫ്ബിയിലൂടെ പണിപൂര്‍ത്തിയാകുന്ന വിദ്യാലയങ്ങളുടെ ഉദ്ഘാടന സമയത്ത് കെട്ടിടങ്ങള്‍ മാത്രം ഉദ്ഘാടനം ചെയ്യരുതെന്ന് മന്ത്രി എം.എല്‍.എമാരോടും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളോടുമായി പറഞ്ഞു. നാട്ടിലെ ക്ലബ്ബുകളെയോ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളേയോ പങ്കാളികളാക്കി സ്‌കൂളിന് നല്ലൊരു ലാബും നാട്ടുകാരെയെല്ലാം ചേര്‍ത്ത് ജനകീയമായി ഒരു ലൈബ്രറിയും കെട്ടിടങ്ങളില്‍ ഒരുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. കിഫ്ബി ഏറ്റെടുത്ത് നടത്തുന്ന പദ്ധതികളില്‍ എത്രമാത്രം വേഗത്തിലാണ് പ്രവര്‍ത്തനം നടക്കുന്നതെന്നും, കിഫ്ബി പദ്ധതികളുടെ പ്രവര്‍ത്തനവും ജില്ലയ്ക്കുള്ള നേട്ടങ്ങളും പൊതുജനങ്ങളെക്കൂടി അറിയിക്കുന്നതിനാണ് ജില്ലാ അടിസ്ഥാനത്തില്‍ ഇത്തരമൊരു പ്രദര്‍ശനം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കിഫ്ബി പ്രൊജക്ട് അപ്രൈസല്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ പി.എ ഷൈല പദ്ധതികളുടെ സ്ഥിതിവിവരം അവതരിപ്പിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പദ്ധതി പൂര്‍ത്തീകരണത്തിന്റെ പ്രായോഗിക പ്രശ്നങ്ങളും പരിഹാരങ്ങളും വിവരിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം മാര്‍ച്ച്-മെയ് മാസത്തോടെ പൂര്‍ത്തിയാകുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പദ്ധതി പൂര്‍ത്തീകരണത്തിന് പ്രായോഗിക തടസ്സമുള്ള വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്ന് ഏകോപനം നടത്തി കളക്ടറുടെ നേതൃത്വത്തില്‍ പരിഹരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
Post a Comment
0 Comments