മംഗളൂരു (www.evisionews.co): മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ് കടത്തിക്കൊണ്ടു വന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പൊലീസില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവുവാണ് ബംഗളൂരു ഹലസൂരു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ആദിത്യ റാവു ഓട്ടോ റിക്ഷയില്‍ ബോംബ് കൊണ്ടുവന്ന് മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞതാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
മംഗളൂരു നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ബസ് സ്റ്റാന്റില്‍ നിന്ന് സ്വകാര്യ ബസില്‍ വിമാനത്താവളത്തിന് സമീപത്തുള്ള കെഞ്ചാറിലെത്തിയ ആദിത്യറാവു അവിടെ നിന്നും ഓട്ടോപിടിച്ച് വിമാനത്താവളത്തില്‍ എത്തുകയായിരുന്നുവെന്നാണ് വിവരം. രണ്ട് ബാഗുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഒരു ബാഗ് സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കെഞ്ചാറിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബോംബ് സൂക്ഷിച്ച മറ്റേ ബാഗുമായാണ് വിമാനത്താവളത്തില്‍ പോയത്.
ഈ ബാഗ് വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ചശേഷം ഓട്ടോയില്‍ തിരികെ കെഞ്ചാര്‍ ബസ് സ്റ്റോപ്പിനടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലെത്തി അവിടെ സൂക്ഷിച്ച ബാഗുമായി അതേ ഓട്ടോയില്‍ മംഗളൂരുവിലെ പമ്പ് വെല്ലില്‍ പ്രതി ഇറങ്ങിയെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്ഫോടക വസ്തുക്കള്‍ പൊലീസ് നിര്‍വീര്യമാക്കിയ ശേഷം സാമ്പിള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
Post a Comment
0 Comments