കാസര്‍കോട് (www.evisionnews.co): വനിതാ വ്യാപാരിയുടെ 40ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശി ഇടുക്കിയില്‍ അറസ്റ്റില്‍. ഉദുമ പഞ്ചായത്ത് പരിധിയിലെ അബ്ദുല്‍ മജീദിനെ (46)യാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. സഹോദരന്‍ ഫിര്‍ദൗസ് മുഹമ്മദിനെയും ഇയാളുടെ ഭാര്യ സൗമ്യയെയും അന്വേഷിച്ചുവരികയാണ്.
2018ലായിരുന്നു സംഭവം. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിനിയായ ലൈലയുടെ പരാതിയിലാണ് കേസ്. വസ്ത്ര സ്ഥാപനം നടത്താനെന്ന് കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. ഫിര്‍ദൗസ് പരാതിക്കാരിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. ഗാന്ധിനഗറിലുള്ള ഹോട്ടല്‍ വിറ്റുകിട്ടിയ ഒരു കോടിയോളം രൂപ ലൈലയുടെ കൈവശമുണ്ടെന്ന് മനസിലാക്കിയ ഫിര്‍ദൗസും സൗമ്യയും ചേര്‍ന്ന് ലൈലയെയും മകന്‍ ആഷിയെയും പങ്കാളികളാക്കി മാന്നാനത്ത് പുത്തൂര്‍ക്കാടന്‍ ടെക്സ്‌റ്റൈല്‍സ് എന്ന സ്ഥാപനം തുടങ്ങി. പല തവണയായി 12 ലക്ഷത്തോളം രൂപ പ്രതികള്‍ ലൈലയില്‍ നിന്ന് വാങ്ങി. 28 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങി കടയിലെത്തിച്ചു. ഇവിടെനിന്ന് വസ്ത്രങ്ങള്‍ ഫിര്‍ദൗസും സൗമ്യയും ചേര്‍ന്ന് കാസര്‍കോട്ടുള്ള മജീദിന്റെ ഫാഷന്‍ ക്ലബ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് മാറ്റി.
കടയിലെ വസ്ത്രങ്ങള്‍ വിറ്റുകിട്ടിയ പണം കാണാതായതോടെ ലൈല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ മജീദ് കാസര്‍കോട്ടെ സ്ഥാപനം പൂട്ടുകയും തുടര്‍ന്ന് കാസര്‍കോട് തന്നെ മറ്റൊരു സ്ഥാപനം നടത്തിവരികയുമായിരുന്നു. ഇവിടെനിന്നാണ് മജീദിനെ പോലീസ് പിടികൂടിയത്.
Post a Comment
0 Comments