ദേശീയം: (www.evisionnews.co) പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് 132 ഓളം ഹര്‍ജികളാണ് കോടതിയിൽ എത്തിയിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമം പാർലമറ് പാസാക്കിയതു മുതൽ രാജ്യമെങ്ങും അലയടിക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളെ സർക്കാർ അടിച്ചമർത്തുന്നതിനിടയിൽ സുപ്രീംകോടതിയുടെ നിലപാട് ഏറെ നിർണായകമായിരിക്കും.
കേരള, പഞ്ചാബ് സർക്കാറുകൾ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് ഫെഡറൽ ബന്ധങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾകൂടി ചർച്ചയിലേക്ക് കൊണ്ടുവരുന്നുണ്ട്. നിയമത്തെ എതിർത്തും അനുകൂലിച്ചുമുള്ള ഹരജികൾ സുപ്രീംകോടതി മുമ്പാകെ എത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജികളിൽ പ്രാഥമിക വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്നും കേരളവും പഞ്ചാബും പാസാക്കിയ നിയമസഭ പ്രമേയങ്ങൾക്ക് സാധുതയുണ്ടെന്നും പ്രമുഖ അഭിഭാഷകൻ കപിൽ സിബൽ വിശദീകരിച്ചു.
ജനുവരി പത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയത്. നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്.
സിഎഎയെ ഭരണഘടനാപരമായി പ്രഖ്യാപിക്കണമെന്നും ഇതിനെതിരെ സമരം നടത്തുന്നവരെ തടയണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയില്‍ സുപ്രീം കോടതി നേരത്തെ നിലപാടെടുത്തിരുന്നു.രാജ്യം നിര്‍ണായകമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജ്യം നിര്‍ണായക സമയത്തിലൂടെ കടന്നുപോകുന്ന ഈ വേളയില്‍ ഇത്തരം പരാതികള്‍ രാജ്യത്തെ സഹായിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Post a Comment
0 Comments