കാഞ്ഞങ്ങാട് (www.evisionnews.co) : മേരെ ഹംനഫസ്.. മേ ഹം നവാ, മുജേ ദോസ്ത് ബെന്കേ നഹാന്‍ ദേ... എന്ന് തുടങ്ങുന്ന ശക്കീല്‍ ബദനിയുടെ വരികള്‍ ഗസല്‍ താളത്തില്‍ ഒഴുകിയപ്പോള്‍ സദസ് നിറഞ്ഞ ഗസല്‍ പ്രേമികളെ ആനന്ദനൃത്തത്തിലാഴ്ത്തി. രാജ്യത്തെ പ്രശസ്ത ഗായകരെ പോലും വിസ്മയിപ്പിച്ച റിയാലിറ്റി ഷോ സെലിബ്രറ്റി യുംന അജിന്‍ ആണ് പാടിത്തകര്‍ത്ത് സംസ്ഥാന കലോത്സവത്തിലെ ഗസല്‍ വേദിയുടെ നിര്‍ത്താത്ത കയ്യടി നേടിയത്.
പാട്ടുകള്‍ കൊണ്ട് ആസ്വാദക മനസില്‍ വിസ്മയമായ തിരൂര്‍ ഫാത്തിമ മാതാ ഹയര്‍സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ യുംനയെ പരിചയമില്ലാത്തവരുണ്ടാവില്ല. കൈരളി ടിവിയിലെ കുട്ടിപ്പട്ടുറുമ്മാലിലൂടെയാണ് യുംനയുടെ സ്വരമാധുര്യം പുറംലോകമറിഞ്ഞത്. ഏഴാം വയസ് തൊട്ടേ പാട്ടിനോടുള്ള അഗാധമായ പ്രിയം ഉപ്പയിലൂടെ പുറത്തുവരികയായിരുന്നു. പിന്നീടങ്ങനെ ഉപ്പയുടെ ശിക്ഷണത്തില്‍ പാടിതുടങ്ങിയ യുംന ദേശീയ തലത്തിലും നിറഞ്ഞുനില്‍ക്കുന്ന പാട്ടുകാരിയായി മാറുകയായിരുന്നു. കുഞ്ഞുപ്രായത്തിലെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളില്‍ പാടിത്തിമിര്‍ത്ത യുംന കലോത്സവങ്ങളിലെ താരപ്രതിഭയായി. 2015ല്‍ ഇന്ത്യന്‍ ഐഡോള്‍ ജൂനിയറിലടക്കം കേരളത്തിലും പുറത്തും ഹിന്ദി, അറബി, ഉറുദു, മലയാളം ഗാനങ്ങള്‍ പാടി ഹിറ്റായി. കൈരളി ടിവിയുടെ ഇശല്‍ ലൈല മെഗാ ഷോയില്‍ പ്രേക്ഷക മനസുകളെ കീഴടക്കിയ യുംനയെ മമ്മൂട്ടി ഉള്‍പ്പടെ സിനിമാ- സംഗീത പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പരിപാടിയില്‍ അതിഥിയായെത്തിയ ഇന്ത്യന്‍ സംഗീത രംഗത്തെ ഇതിഹാസമായ എസ്.പി ബാലസുബ്രഹ്മണ്യം എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് യുംനയുടെ ഗാനങ്ങളെ ആസ്വദിച്ചത്.
ഇന്ത്യയിലെ നമ്പര്‍ വണ്‍ സംഗീത റിയാലിറ്റി ഷോ ആയ സി ടിവിയുടെ സരിഗമപ ലിറ്റില്‍ ചാമ്പന്യന്‍സില്‍ 2017ലെ റണ്ണറപ്പ് കരസ്ഥമാക്കി. മ്യൂസിക് ലെജന്റ് എ.ആര്‍ റഹ്്മാന് ഓസ്‌കാര്‍ നേടിക്കൊടുത്ത ജയ്ഹോ എന്ന ഗാനമാലപിച്ചാണ് അദ്ദേഹമുള്‍പ്പെടെ ഷാറൂഖ് ഖാന്‍, ആശാ ഭോസ്ലെ എന്നിവരുടെ കയ്യടി നേടിയത്. അന്നത് സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരുന്നു. ദേശീയ ശ്രദ്ധേയയായ ഈ പാട്ടുകാരിക്ക് യുംനയുടെതായി പുറത്തിറങ്ങിയ തുംമേരെ ഹോ എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധേയമാണ്. 12 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള യുട്യൂബ് ചാനലും വൈറലാണ്.
മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സംഗീത പരിപാടികളുമായി സന്ദര്‍ശിച്ച യുംന ഇസ്രായില്‍ യാത്രക്കൊരുങ്ങിയിരിക്കുകയാണ്.
മാപ്പിളപ്പാട്ടിലും യുംനക്ക് എ ഗ്രേഡുണ്ട്. സാദിഖ് പന്തലൂര്‍ ഈണം നല്‍കിയ മുഹമ്മദ് നബിയുടെ ഹിജ്റ പലയനം ഇതിവൃത്തമായ മോഹിന്‍ കുട്ടി വൈദ്യരുടെ വരികളാണ് ശ്രാവ്യ മനോഹരമായി അവതരിപ്പിച്ചത്. തിരൂര്‍ സ്വദേശി അജിന്‍ ബാബുവിന്റെയും വേങ്ങരക്കാരി ഫാസിനയുടെയും മകളാണ് യുംന.
Post a Comment
0 Comments