Type Here to Get Search Results !

Bottom Ad

സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലം: ആയംകടവ് പാലം നാളെ നാടിന് സമര്‍പ്പിക്കും


കാസര്‍കോട് (www.evisionnews.co): പെര്‍ളടുക്കം- ആയംകടവ്- പെരിയ റോഡില്‍ ആയംകടവില്‍ 24മീറ്റര്‍ ഉയരത്തിലും 180മീറ്റര്‍ നീളത്തിലും നിര്‍മിച്ച ആയംകടവ് പാലത്തിന്റെയും 3.800കിലോമീറ്റര്‍ മെക്കാഡം ചെയ്ത അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഡോ. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 2014-15 സാമ്പത്തിക വര്‍ഷത്തെ കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി പതിനാല് കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചതെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

2015 ഒക്ടോബര്‍ ഒന്നിന് സങ്കേതിക അനുമതി നല്‍കിയ പാലത്തിന്റെ പ്രവൃത്തി ടെണ്ടര്‍ ചെയ്യുകയും 2016 ജനുവരിയില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് തറക്കല്ലിടുകയും ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. എം.എല്‍.എമാരായ എം. രാജഗോപാലന്‍, എന്‍.എ നെല്ലിക്കുന്ന്, എം.സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു വിശിഷ്ടാതിഥികളാകും. 

തിരുവനന്തപുരം ബ്രിഡ്ജസ് ചീഫ് എഞ്ചിനീയര്‍ എസ്. മനോമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ബി.ആര്‍.ഡി.സിയുടെ കുടിവെള്ളത്തിനായി പണിത ഡാം ഉള്ളത് കൊണ്ട് വേനല്‍കാലത്ത് പോലും നല്ല വെള്ളമുള്ള ഈസ്ഥലത്ത് പാലം പണിയുക എന്നത് ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു. പലതവണ പണി നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും കരാര്‍ ഏറ്റെടുത്ത ചട്ടഞ്ചാല്‍ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി പാലംപണി മനോഹരമായി പൂര്‍ത്തിയാക്കുകയായിരുന്നു. എന്‍.എച്ച് 66പെരിയയില്‍ എത്താന്‍ 2.500കിലോമീറ്റര്‍ റോഡ് കൂടി അഭിവൃദ്ധിപ്പെ ടുത്തേണ്ടതുണ്ട്. ഈ പ്രവൃത്തി 2019 -20 സാമ്പത്തിക വര്‍ഷത്തെ കെ.ഡി.പി പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടിയായിട്ടുണ്ട്. 

ഉയരം കൊണ്ടും പ്രകൃതി ഭംഗികൊണ്ടും ഏറെ ജനശ്രദ്ധയാകര്‍ഷിച്ച പാലത്തിന്റെ അടിഭാഗത്തായുള്ള സ്ഥലം പ്രയോജനപ്പെടുത്തി ഓപ്പണ്‍ എയര്‍ സ്റ്റേജ്, ഫുഡ് കോര്‍ട്ട്, ടോയിലറ്റ് ബ്ലോക്ക് എന്നിവ ആദ്യഘട്ടത്തില്‍ നിര്‍മിക്കാനും രണ്ടാം ഘട്ടത്തില്‍ പുഴകാണുന്നതിന് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനുമുള്ള ഡി.പി.ആര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലെ മടിക്കേരി, സുള്ളിയ, സുബ്രഹ്മണ്യം, ദേലമ്പാടി, കാറഡുക്ക, മുളിയാര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ നിന്നും വരുന്നവര്‍ക്ക് ബേക്കല്‍ ടൂറിസം കേന്ദ്രം, കേന്ദ്ര സര്‍വകലാശാല, കാഞ്ഞങ്ങാട് ടൗണ്‍ എന്നിവിടങ്ങളില്‍ എത്താന്‍ ചെര്‍ക്കള വഴി ചുറ്റിത്തിരിയാതെ ആയം കടവ് പാലം വഴി പെരിയയില്‍ എളുപ്പത്തിലെത്താന്‍ കഴിയും. പത്രസമ്മേളനത്തില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. രാമചന്ദ്രന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad