കുമ്പള (www.evisionnews.co): കളത്തൂര്‍ പള്ളം സ്വദേശി സുദര്‍ശ (21)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഉള്ളാള്‍ പൊലീസ് അറസ്റ്റു ചെയ്ത നാല് പ്രതികള്‍ റിമാന്റില്‍. തൊക്കോട് സ്വദേശികളായ രക്ഷിത് (32), രാകേഷ് (28), ശ്രീജിത്ത് (29), കര്‍ണ്ണാടക പുത്തൂരിലെ ബെന്നി (30) എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച തൊക്കോട്ട് ബീരിക്ക് സമീപം മടിയാറിലാണ് നാലംഗ സംഘം സുദര്‍ശനെ കൊലപ്പെടുത്തിയത്. സുദര്‍ശന്‍ ബംഗളൂരുവില്‍ നിന്ന് വരുമ്പോള്‍ തീവണ്ടിയില്‍ യാത്രക്കാരിയായ യുവതിയുടെ ഫോട്ടോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നരോപിച്ചാണ് കൊലയെന്ന് പൊലീസ് പറയുന്നു. സുദര്‍ശനെ ഫോണില്‍ വിളിച്ചു വരുത്തിയാണ് ബീരിക്ക് സമീപം മടിയാറിലെ വാടക വീട്ടില്‍ കൊല നടത്തിയത്. മൃതദേഹം പിന്നീട് രാത്രിയോടെ കാറില്‍ കൊണ്ടുവന്ന് തൊക്കോടിന് സമീപം റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ ഒന്നാംപ്രതി രക്ഷിത് ഉള്ളാള്‍ പൊലീസില്‍ വിളിച്ച് ഒരാളെ കുത്തിക്കൊലപ്പെടുത്തിയതായും മൃതദേഹം റെയില്‍വെ ട്രാക്കില്‍ കൊണ്ടിട്ടതായും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉള്ളാള്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
Post a Comment
0 Comments