Type Here to Get Search Results !

Bottom Ad

പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാതെ പുറത്താകുന്നവര്‍ക്ക് ബംഗളൂരില്‍ തടങ്കല്‍ പാളയം: നിര്‍മാണം അന്തിമഘട്ടത്തില്‍


ദേശീയം (www.evisionnews.co): പൗരത്വ പട്ടികയില്‍ ഇടംപിടിക്കാതെ അനധികൃത കുടിയേറ്റക്കാരാവുന്നവരെ പാര്‍പ്പിക്കാനായി ബംഗളൂരുവില്‍ നിര്‍മ്മിക്കുന്ന തടങ്കല്‍ പാളയം അവസാനഘട്ട മിനുക്കുപണിയില്‍. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തടങ്കല്‍പാളയങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന് ആവര്‍ത്തിക്കുമ്പോഴാണ് ബംഗളൂരുവില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. 2020 ജനുവരി ഒന്നിന് നിര്‍മാണം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് പണികള്‍ പുരോഗമിക്കുന്നത്.

ഏഴു മുറികള്‍, അടുക്കള, ബാത്ത് റൂം, സുരക്ഷയ്ക്കായി ഉദ്യോഗസ്ഥര്‍, സി.സി.ടി.വി. ക്യാമറകള്‍, സെക്യൂരിറ്റി ടവര്‍ എല്ലാം അടങ്ങിയ തടവുകേന്ദ്രം ബെംഗളൂരുവിനടുത്ത് സൊന്തകുപ്പയിലാണ് പൂര്‍ത്തിയാവുന്നത്. ബംഗളൂരുവില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ നെലമംഗലയിലെ പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലാണ് തടവുകേന്ദ്രമാക്കിമാറ്റിയത്. വനിതാ ഹോസ്റ്റല്‍ തടവറയാക്കുന്നതിനുള്ള നിര്‍മാണപ്രവൃത്തികള്‍ ആറുമാസംമുമ്പാണ് ആരംഭിച്ചത്. ജീവനക്കാര്‍ക്കായുള്ള ക്വാട്ടേഴ്‌സിന്റെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. 

പത്ത് മീറ്റര്‍ ഉയരത്തിലുള്ള ചുറ്റുമതിലും മുന്നില്‍ രണ്ട് സുരക്ഷാടവറും നിര്‍മിച്ചിട്ടുണ്ട്. ജയിലിന് സമാനമായ രൂപമാണ് കെട്ടിടത്തിനുള്ളത്. നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കെട്ടിടത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ ബെംഗളൂരു പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ വാര്‍ഡന്‍മാരെയും നിയോഗിക്കും. ബെംഗളൂരുവിലെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കണക്കെടുപ്പ് അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad