Type Here to Get Search Results !

Bottom Ad

ജില്ലയില്‍ 2019ല്‍ രജിസ്റ്റര്‍ ചെയ്തത് 131പോക്സോ കേസുകള്‍: കുട്ടികള്‍ക്കിതിരെ ലൈംഗിക കുറ്റകൃത്യം പെരുകുന്നു


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി കണക്കുകള്‍. ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ പ്രകാരം ഈവര്‍ഷം 173 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 131 പോക്സോ കേസുകളാണ്. 2019 ഒക്ടോബര്‍ 31വരെയുള്ള കണക്കാണിത്. ജില്ലയില്‍ 2013 മുതല്‍ 2019 വരെ 513 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ബാലനീതി നിയമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ ഏകോപനം സാധ്യമാക്കുന്നതിന് ജില്ലാ ജഡ്ജി അജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ജുവനൈല്‍ ജസ്റ്റീസ് കമ്മിറ്റിയുടെ യോഗത്തിലാണ് ഈ കണക്കുകള്‍ വിലയിരുത്തിയത്. 

ഇതുവരെ രജിസ്റ്റര്‍ ചെയ്ത 58എണ്ണത്തില്‍ ശിക്ഷ വിധിക്കുകയും 142എണ്ണം വെറുതെ വിടുകയും 23 എണ്ണം റദ്ദാക്കുകയും 20 എണ്ണം മറ്റുരീതിയില്‍ തീര്‍പ്പാക്കുകയും ചെയ്തതായും യോഗം വിലയിരുത്തി. അവശേഷിക്കുന്ന കേസുകളില്‍ തുടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2018ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

പോക്‌സോ കേസുകള്‍ പെരുകിയതോടെ ഇത്തരം കേസുകളില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന് ജില്ലയില്‍ പോക്സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്ഥാപിക്കുമെന്നാണ് വിവരം. കേരളത്തില്‍ പുതിയ പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കാസര്‍കോട്ടും ഇത്തരമൊരു കോടതി വരുന്നത്. 

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുക. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും കാസര്‍കോട് ഉള്‍പ്പെടെയുള്ള മറ്റുജില്ലകളില്‍ ഒന്നും വീതം അതിവേഗ കോടതികളാണ് സ്ഥാപിക്കുന്നത്. ഈ പദ്ധതിയനുസരിച്ച് 57 പോക്സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. 

കാസര്‍കോട് ജില്ലയില്‍ എവിടെയാണ് അതിവേഗ കോടതി സ്ഥാപിക്കുകയെന്ന് വ്യക്തമായിട്ടില്ല. നിലവില്‍ പ്രധാനകോടതി സമുച്ചയങ്ങള്‍ കാസര്‍കോട്ടെ വിദ്യാനഗറിലും കാഞ്ഞങ്ങാട്ടുമാണുള്ളത്. ജില്ലാ ഉപഭോക്തൃഫോറവും കുടുംബകോടതിയും വിദ്യാനഗറിലുണ്ട്. നിലവില്‍ പോക്സോ കേസുകള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത് വിദ്യാനഗര്‍ കോടതി സമുച്ചയത്തിലുള്ള ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയാണ്. പോക്സോകേസുകള്‍ക്കായി പ്രത്യേക കോടതിയില്ല. കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനക്കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേകമായി ഒരുകോടതി ആവശ്യമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. 

ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മറ്റ് കേസുകളും പരിഗണിക്കേണ്ടതിനാല്‍ ജോലിഭാരം പോക്സോകേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് തടസ്സമാകുന്നു. പ്രത്യേക പോക്സോ കോടതി വന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. കുട്ടികള്‍ പ്രതികളാകുന്ന കേസുകളുടെ ചുമതല കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേട്ട് (ഒന്ന്) കോടതിക്കാണ്. ഇങ്ങനെയുള്ള കേസുകള്‍ക്കും പ്രത്യേക കോടതി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad