വയനാട് (www.evisionnews.co): ക്ലാസ് മുറിക്കുള്ളില്‍നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഷഹ്ല ഷെറിന്‍ (10) ആണ് മരിച്ചത്. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുല്‍ അസീസിന്റെയും സജ്നയുടെയും മകളാണ്.
ബുധനാഴ്ച വൈകിട്ട് 3.30മണിയോടെ ക്ലാസ് മുറിക്കുള്ളിലെ ചുമരിനോട് ചേര്‍ന്ന ചെറിയ പൊത്തില്‍ നിന്നാണ് കുട്ടിയെ പാമ്പുകടിച്ചത്. പാദത്തില്‍ ചെറിയ രണ്ട് മുറിവ് കണ്ട ഷഹ്ല അധ്യാപകനെ അറിയിച്ചു. സ്‌കൂളധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാവ് ബത്തേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു.
എന്നാല്‍, എന്താണു പറ്റിയതെന്ന് ആശുപത്രി അധികൃതര്‍ക്ക് കണ്ടെത്താനായില്ല. പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഏറെനേരം നിരീക്ഷണത്തില്‍ കിടത്തിയെങ്കിലും പാമ്പുകടി സ്ഥിരീകരിക്കാനായില്ല. ഛര്‍ദിച്ചതോടെ ഷഹ്ലയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. കൊണ്ടുപോകുന്ന വഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. അമീഗ ജെബിന്‍, ആഹില്‍ ഇഹ്‌സാന്‍ എന്നിവരാണ് സഹോദരങ്ങള്‍.
Post a Comment
0 Comments