കാസര്‍കോട് (www.evisionnews.co): കൗമാരകലാ മേളയുടെ ചിലമ്പൊലി കേട്ടുതുടങ്ങി. 28 വര്‍ഷങ്ങള്‍ക്ക് ശേഷം കലോത്സവം ജില്ലയിലെത്തുമ്പോള്‍ അതിഥികളെ സല്‍ക്കരിക്കാന്‍ കൈമെയ് മറന്ന് ഒരുക്കങ്ങള്‍ തകൃതിയിലാണ്. അലാമിക്കളിയും മംഗലം കളിയും മാവിലന്‍പാട്ടും മതമൈത്രി വിളിച്ചോതുന്ന ആലിച്ചാമുണ്ഡിയും മുക്രിപ്പോക്കറും ബപ്പിരിയന്‍ തെയ്യവും ഉമ്മച്ചിത്തെയ്യവുമെല്ലാം ചേര്‍ന്ന സംസ്‌കാര വൈവിധ്യത്തിന്റെ നാട്. മലയാളം മാതൃ ഭാഷയല്ലാതിരുന്നിട്ടും മലയാളികളെ നെഞ്ചോട് ചേര്‍ത്ത കന്നഡയും തുളുവും കൊങ്ങിണിയും ബ്യാരിയും സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങള്‍.
ബെയ്ച്ചാ, അവ്ത്ത്ക്ക് ബാ, ബേങ്കീ... അല്ലേ ബീം എന്നൊക്കെപ്പറഞ്ഞ് നമ്മെ ചേര്‍ത്ത് പിടിക്കുന്ന കസ്രോട്ടുകാര്‍. പോടിയും പുണ്ടിയും ഗോളിബജ്ജിയും വാങ്ങിത്തരുന്നവര്‍. നാടുമുഴുവന്‍ കോട്ടകളുള്ള കാസര്‍കോടിന്റെ സ്നേഹത്തെ, ആതിഥ്യ രീതികളെ കുറിച്ച് പറയാനേറെയുണ്ട്. വര്‍ണ്ണങ്ങള്‍ നിറഞ്ഞ മനോഹരമായ പൂക്കളും നല്ല അസല് അവില്‍ മില്‍ക്കും, കാസ്രോടന്‍ സാരിയും തളങ്കരത്തൊപ്പിയും കിട്ടുന്ന കാസ്രോട്ടേക്ക് എത്തുന്ന പ്രതിഭകളെയെല്ലാം ചേര്‍ത്ത് പിടിച്ച് സ്നേഹം പകരാന്‍ ഈ നാട് ഒരുങ്ങുകയാണ്.തുളുനാട്ടിലെ സുരങ്കങ്ങളിലൂടെ ഒഴുകുന്ന വെള്ളം പോലെ ശുദ്ധമാണ് ഈ നാടും.
തുളുമണ്ണിന്റെ ഓരോ മൂലയിലും കലോത്സവത്തിനായുള്ള തയാറെടുപ്പിലാണ്. ഭക്ഷണമെരുക്കാന്‍, പന്തലൊരുക്കാന്‍, മണ്ണും വെള്ളവും മലിനമാകാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍ക്കായി, നല്ല താമസ സൗകര്യമൊരുക്കാന്‍... അങ്ങനെ അങ്ങനെ.... കലോത്സവ വേദികളോട് ചേര്‍ന്ന ഓരോ വീടും അതിഥികളെ കാത്തിരിക്കുകയാണ്, താമസിക്കാന്‍ ഇടം കിട്ടാത്തവരെ ഒപ്പം കൂട്ടാന്‍. കൂടെ ഞങ്ങളുണ്ടെന്ന് പറയാന്‍. അങ്ങനെ തുളുനാടിന്റെ സ്നേഹം നിറഞ്ഞ രാപകലുകള്‍ കലാപ്രതിഭകളെ വീണ്ടും ഈ നാട്ടിലേക്ക് വിളിക്കും. കാസര്‍കോടന്‍ കലാ സായാഹ്നങ്ങള്‍ അത്രമേല്‍ പ്രിയപ്പെട്ടതാക്കാന്‍ ഒരു നാടുമുഴുവന്‍ ഒരുങ്ങുകയാണ്.
Post a Comment
0 Comments