Type Here to Get Search Results !

Bottom Ad

കന്നഡ അധ്യാപകരെ നിയമിക്കണം: ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി


കാഞ്ഞങ്ങാട് (www.evisionnews.co): കന്നഡ ക്ലാസിലേക്ക് കന്നഡ മാധ്യമ അധ്യാപകരെ തന്നെ നിയമിക്കണമെന്നും കന്നഡ മാധ്യമ പ്ലസ് വണ്‍ തുല്യതാ പരീക്ഷയും കന്നഡ ഭാഷയില്‍ തന്നെ നടത്തണമെന്നും ആവശ്യപ്പെട്ട്് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ അടങ്ങുന്ന നിവേദക സംഘം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചു. സംസ്ഥാന കലോത്സവത്തിന്റെ സ്വാഗത സമിതി യോഗത്തിനായി കാഞ്ഞങ്ങാട് എത്തിചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്തി രവീന്ദ്രനാഥിന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍ ജില്ലയുടെ കന്നഡ ഭാഷാ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. കന്നഡ ഭാഷയില്‍ പരിജ്ഞാനം ഇല്ലാത്ത അധ്യാപകരെ നിയമിക്കുന്ന പി.എസ്.സിയുടെ നടപടിയെ തടയുന്നതിനും കന്നഡ മീഡിയം ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷയെ കന്നഡ ഭാഷയില്‍ തന്നെ നടത്തണമെന്നും ആവശ്യപ്പെട്ടു. 

വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഹര്‍ഷാദ് വൊര്‍ക്കാടി, ഷാനവാസ് പാദൂര്‍, മെമ്പര്‍മാരായ അഡ്വ. കെ . ശ്രീകാന്ത്, ഇ. പത്മാവതി, പി.സി സുബൈദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ഗൗരി, ഓമന രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. തുല്യതാ പരീക്ഷ കന്നഡ ഭാഷയില്‍ തന്നെ നടത്താന്‍ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വാഗ്ദാനം നല്‍കി. കന്നഡ ഭാഷയില്‍ പരിജ്ഞാനം ഇല്ലാത്ത അധ്യാപകരെ നിയമനം നടത്തിയ നടപടിയെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണെന്നും ഉറപ്പു നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad