കാസര്‍കോട് (www.evisionnews.co): തലപ്പാടി -കാസര്‍കോട് ദേശീയ പാതയുടെ ശോചനീയാവസ്ഥയും പണം കേന്ദ്രം അനുവദിച്ചിട്ടും പണി ആരംഭിക്കാത്ത ഉദ്യോഗസ്ഥരുടെ അലംഭാവവും പ്രസംഗമധ്യേ മരാമത്ത് മന്ത്രിയുടെ പൊതുവേദിയില്‍ ശ്രദ്ധയില്‍പെടുത്തി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പയ്യന്നൂരില്‍ പൊതുമരാമത്ത് വകുപ്പ് പണികഴിപ്പിക്കുന്ന പുതിയ റെസ്റ്റ് ഹൗസിന്റെ പ്രവൃത്തി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് എം.പി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ ശ്രദ്ധയില്‍പെടുത്തിയത്.
''ഇപ്പോള്‍ തന്നെ രണ്ടുപേര്‍ മരണപ്പെട്ടു. നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ജനങ്ങളെ ജനിയും ദുരിതക്കയത്തില്‍ തുടരാന്‍ അനുവദിക്കാന്‍ കഴിയില്ല. ഇനിയും ഒരു മരണം ഈ റോഡില്‍ ഉണ്ടായാല്‍ താങ്ങാന്‍ കഴിയില്ല. ഈ റോഡിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ മന്ത്രിക്ക് മനസിലാകും. ജനങ്ങളുടെ ദുരിതം ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചപ്പോഴാണ് ഞാന്‍ ഇരുപത്തി നാല് മണിക്കൂര്‍ നിരാഹാരം കിടന്നത്. ഇതേ തുടര്‍ന്ന് കേന്ദ്രം ഫണ്ടനുവദിച്ചപ്പോള്‍ മുടന്തന്‍ ന്യായം പറഞ്ഞ് ഉദ്യോഗസ്ഥര്‍ റോഡ് നവീകരണം വൈകിപ്പിക്കുകയാണ് ഇനിയും ക്ഷമിക്കാന്‍ കഴിയില്ല അതിനാലാണ് മന്ത്രി സമക്ഷം പറയുന്നത്. വികാരാധീനനായി എം.പി പ്രസംഗിച്ചു.
പ്രസംഗം കഴിഞ്ഞപ്പോള്‍ മന്ത്രി സ്റ്റേജില്‍ തന്നെയിരുന്ന് എന്‍.എച്ച് ചീഫ് എഞ്ചിനിയറെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ തിരക്കി. പണം വകയിരിത്തിയിട്ടും എന്താണ് കാലതാമസമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആരാഞ്ഞു. നാളെ തന്നെ കാസര്‍കോട് തലപ്പാടി റോഡില്‍ പണി ആരംഭിക്കുമെന്ന് നാഷണല്‍ ഹൈവേ അഥോറിറ്റി അധികൃതര്‍ മന്ത്രിക്കും എം.പിക്കും ഉറപ്പു നല്‍കി. നാളെ പണി ആരംഭിക്കും എന്ന് പറഞ്ഞിട്ട് പണി ആരംഭിച്ചില്ലെങ്കില്‍ പ്രശ്നം വഷളാകുമെന്നും മന്ത്രി താക്കീത് നല്‍കി. എം.പിക്കൊപ്പമിരുന്ന് മന്ത്രി ഉദ്യോഗസ്ഥരെ വിളിച്ച് നിര്‍ദ്ദേശം നല്‍കുന്ന വീഡിയോ എം.പി നവമാധ്യമങ്ങളില്‍ പോസ്റ്റിയതോടെ സോഷ്യല്‍ മീഡിയ എം.പിയെയും മന്ത്രിയെയും അവരുടെ ഇടപെടലിനെ അഭിനന്ദിക്കുകയാണ്.ഇതിനോടകം എം.പിയുടെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു.
Post a Comment
0 Comments