കാസര്‍കോട് (www.evisionnews.co): വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ സര്‍ക്കാര്‍ നടപ്പാക്കുന്ന മസ്റ്ററിംഗ് പരിഷ്‌കാരം സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ വാങ്ങുന്നവരെ വലയ്ക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ അനര്‍ഹര്‍ വാങ്ങുന്നത് തടയുന്നതിന് വേണ്ടിയാണെന്ന് മസ്റ്ററിംഗ് നടപ്പാക്കുന്നതെന്ന് പറയുമ്പോഴും നിരവധി നിരാലംബരാണ് കൃത്യമായി മസ്റ്ററിംഗ് നടത്താനാവാതെ ദുരിതമനുഭവിക്കുന്നത്.
പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്നാണ് ചട്ടം. ഡിസംബര്‍ 15വരെയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സമയം. എന്നാല്‍ വേണ്ടത്ര മുന്നൊരുക്കങ്ങളുടെ അഭാവവും സാങ്കേതിക പ്രശ്നങ്ങളും പെന്‍ഷന്‍ ഗുണഭോക്താക്കളെ വട്ടംകറക്കുകയാണ്.
ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ഐ.ഡി എന്നിവയുമായിട്ടാണ് അക്ഷയ സെന്ററില്‍ പോകേണ്ടത്. വിരലടയാളം വഴിയോ, കണ്ണ് ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് കണ്ണ് ഉപയോഗിച്ചുള്ള മസ്റ്ററിംഗാണ്. കണ്ണിന് തകരാറ് ഉള്ള ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് നടത്താന്‍ സാധിക്കുന്നില്ല. സെര്‍വര്‍ തകരാര്‍മൂലം മസ്റ്ററിംഗ് തടസപ്പെടുന്നതും പതിവാണ്. മണിക്കൂറുകള്‍ നീണ്ട കാത്തുനില്‍പ്പിനൊടുവില്‍ ഊഴമാകുമ്പോള്‍ വിരലടയാളമോ കണ്ണോ പൊരുത്തപ്പെടാത്തത് മൂലം മസ്റ്ററിംഗ് നടത്താനാകാതെ മടങ്ങേണ്ടി വന്നതാണ് അവശത അനുഭവിക്കുന്ന വൃദ്ധജനങ്ങളെ പൊറുതികേടിലാക്കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകളായ വാര്‍ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50വയസിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും എല്ലാം മസ്റ്ററിംഗ് നടത്തണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഈ വിഭാഗത്തില്‍പെട്ട പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ പ്രായാധിക്യവും ശാരീരിക, മാനസിക അസ്വസ്ഥതകള്‍ നേരിടുന്നവരാണ് 90ശതമാനവും. ഇക്കാര്യം പരിഗണിച്ച് കൂടുതല്‍ സാവകാശവും സൗകര്യങ്ങളും മസ്റ്ററിംഗിന് അനുവദിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
18നാണ് പഞ്ചായത്തുകളിലെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ആരംഭിച്ചത്. സംസ്ഥാനത്ത് വളരെ കുറച്ച് പേര്‍ക്കേ ഇതുവരെ മസ്റ്ററിംഗ് നടത്താന്‍ സാധിച്ചിട്ടുള്ളൂ. അക്ഷയ സെന്ററുകള്‍ക്ക് മുമ്പില്‍ ഇതിനായി മണിക്കൂറോളം കാത്തിരിക്കേണ്ടിവരുന്നു. വിധവ, വാര്‍ധക്യ, വികലാംഗ, കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവരാണ് മസ്റ്ററിംഗ് നടത്തേണ്ടത്. ഇന്ന് അക്ഷയ സെന്ററുകളില്‍ മിസ്റ്ററിംഗ് ഇല്ല. പെന്‍ഷന്‍ മുടങ്ങുമെന്ന ആശങ്കയില്‍ മസ്റ്ററിംഗിനായി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ ദിവസം കുന്നില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായനശാലയില്‍ നടത്തിയ മാസ്റ്ററിംഗ് ഹെല്‍പ്പ് ഡെസ്‌ക്ക് നിരവധി പേര്‍ക്ക് അനുഗ്രഹമായിരുന്നു.
Post a Comment
0 Comments