കാസര്‍കോട് (www.evisionnews.co): പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കുന്ന നിലയില്‍ ഗതാഗതനയം രൂപീകരിക്കുക, ബസ്ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ഫെഡറേഷന്റെ ആഹ്വാന പ്രകാരം നാളെ ബസുടമകള്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തും. രാവിലെ 10.30ന് വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്ത് നിന്നും കലക്ട്രേറ്റ് വരെ പ്രകടനവും തുടര്‍ന്ന് ബി.സി. റോഡ് ജംഗ്ഷനില്‍ കൂട്ടധര്‍ണയും നടക്കും. നവംബര്‍ 13ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണക്കും നവംബര്‍ 20ന് സംസ്ഥാന വ്യാപകമായി സര്‍വ്വീസ് നിര്‍ത്തി വെച്ച് നടത്തുന്ന സൂചനാസമരത്തിനും ബഹുജനങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ധന വിലവര്‍ധനവ്, ഇന്‍ഷൂറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനം, ടയര്‍, ട്യൂബ്. ലൂബ്രിക്കന്റ്സ് എന്നിവയിലുണ്ടായിക്കൊണ്ടിരിക്കുന്ന അമിതമായ വിലവര്‍ധനവ് തുടങ്ങിയവ വ്യവസായത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. 2018 മാര്‍ച്ചില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 64രൂപ വിലയുണ്ടായിരുന്നത് ഇന്ന് 73രൂപയോളം എത്തിയിരിക്കയാണ്. 2011ല്‍ 34,000 ത്തോളം ഉണ്ടായിരുന്ന സ്വകാര്യബസുകള്‍ ഇന്ന് 12,500 ആയി കുറഞ്ഞു. സ്വകാര്യബസുകള്‍ യഥേഷ്ടം സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന റൂട്ടുകളുടെ ഇടയിലൂടെയുള്ള കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് കാരണം സ്വകാര്യമേഖലയും പൊതുമേഖലയും ഒരുപോലെ നശിക്കുന്ന സാഹചര്യമാണുള്ളതെന്നും ബസുടമകള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, സി.എ. മുഹമ്മദ് കുഞ്ഞി, ശങ്കരനായക്, ഹസൈനാര്‍, ലക്ഷ്മണന്‍, പി.എ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
Post a Comment
0 Comments