Type Here to Get Search Results !

Bottom Ad

ഇനി ഒരുനാള്‍: കലയുടെ കേളികൊട്ടിന് നാളെ കാഞ്ഞങ്ങാട്ട് തിരിതെളിയും


(www.evisionnews.co) കൗമാരകലയുടെ മഹോത്സവത്തിന് കാതോര്‍ത്ത് ചരിത്രനഗരം. അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാടിന്റെ ചരിത്രമണ്ണില്‍ കലകളുടെ ചിലമ്പൊലി ഉയരാന്‍ ഇനി ഒരു നാള്‍ മാത്രം. 28വര്‍ഷങ്ങളുടെ നീണ്ടകാത്തിരിപ്പിനൊടുവില്‍ നടനകേളിയുടെ അനുഗ്രഹീത മണ്ണില്‍ രണ്ടാമതെത്തുന്ന കലോത്സവം ചരിത്രവിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കയ്‌മെയ് മറന്ന് ഒരേ താളത്തില്‍, ഒരേ മനസോടെ കലോത്സവം ഒരിക്കലും മറക്കാനാവാത്ത ചരിത്രമുഹൂര്‍ത്തമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് കാസ്രോട്ടുകാര്‍.

മത്സരം നടക്കുന്ന 28വേദികളും ഉടുത്തൊരുങ്ങി പ്രതിഭകളെ കാത്തിരിക്കുകയാണ്. കലോത്സവത്തെ സ്വാഗതം ചെയ്ത് സാംസ്‌കാരിക പരിപാടികളാല്‍ കാഞ്ഞങ്ങാട് നഗരം മുഖരിതമാണ്. നാളെ കലകളുടെ കേളികൊട്ടുയരുന്നതോടെ കാഞ്ഞങ്ങാടിന്റെ നാലു രാപ്പകലുകള്‍ ഉത്സവപ്പെരുമയിലമരും. ആകെ 239 ഇനങ്ങളിലാണ് മത്സരം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96, ഹയര്‍സെക്കന്ററി 105, സംസ്‌കൃതം 19, അറബി 19 എന്നിങ്ങനെയാണ് മത്സരയിനങ്ങള്‍. ഒന്നാം ദിവസം 74 ഇനങ്ങളിലും രണ്ടാം ദിനം 77ഇനങ്ങളും, മൂന്നാംദിനം 74 ഇനങ്ങളിലും അവസാന ദിനം 14ഇനങ്ങളിലും മത്സരം നടക്കും.

നാളെ രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു രാവിലെ എട്ടിന് പതാക ഉയര്‍ത്തുന്നതോടെ കലാമേളക്ക് തിരശ്ശീല ഉയരും. കാസര്‍കോടിന്റെ ചരിത്രവും പാരമ്പര്യവും സംസ്‌കാരവും ഇഴുകി ചേര്‍ന്ന സ്വാഗതഗാനത്തോടെയാണ് കലോത്സവ പ്രതിഭകളെ കാസര്‍കോട് ജില്ല സ്വീകരിക്കുക. പ്രധാന വേദിയായ ഐങ്ങോത്ത് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക വേദിയില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘടനം ചെയ്യും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയാവും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം.എല്‍.എമാരായ കെ കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, എം.സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും. ഉദ്ഘാടന വേളയിലും സമാപന സമ്മേളനത്തിലും സിനിമാ താരങ്ങള്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad