ദേശീയം (wwwevisionnews.co): പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് പിടികൂടി. ഹൈദരാബാദിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവം. ഹൈദരാബാദ് ജൂബിലി ബസ് സ്റ്റാന്റിന് സമീപത്തെ വിജനമായ സ്ഥലത്ത് കുഞ്ഞുമായെത്തിയ രണ്ട് പേര് കുഴിയെടുക്കുന്നത് ഓട്ടോറിക്ഷാ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇദ്ദേഹം അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ഇവരുടെ കൈയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ട കുഞ്ഞ് മരിച്ചെന്നാണ് അവര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കിടെ മരിച്ച കുഞ്ഞിനെ ബസില്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍ ഇവിടെ കുഴിച്ചു മൂടാന്‍ തീരുമാനിച്ചുവെന്നാണ് ഇരുവരും പറഞ്ഞത്.
എന്നാല്‍ പോലീസ് പരിശോധിച്ചപ്പോള്‍ കുട്ടി ജീവനോടെയുണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരുവരെയും അറസ്റ്റു ചെയ്യുകയും ചെയ്തു. കുഞ്ഞിന്റെ മുത്തച്ഛനും അമ്മാവനുമാണ് അറസ്റ്റിലായത്.
Post a Comment
0 Comments