കാസര്‍കോട് (www.evisionnews.co): ജില്ല ആതിഥ്യമരുളുന്ന 60മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണത്തിന് ജില്ലയിലെ ക്ലബുകളും സന്നദ്ധ സംഘടനകളും ഒരുക്കം ആരംഭിച്ചതായി അറിയിച്ചു. പ്രചാരണ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത ജില്ലയിലെ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രതിനിധികളുടെ യോഗത്തിലാണ് ന്യൂതനമായ ആശയങ്ങള്‍ ചര്‍ച്ചചെയ്തത്. 1500ലധികം സൈക്കിളുകളുടെ അകമ്പടിയോടെ സൈക്കിള്‍ റാലി, ഗ്രാമ ഗ്രാമാന്തരങ്ങളില്‍ വിളംബര കുടില്‍ കെട്ടല്‍, കാളവണ്ടിയിലൂടെ പ്രചാരണമെത്തിക്കല്‍, ഗ്രാമങ്ങളിലും നഗരങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് ശില്‍പങ്ങള്‍, കലോത്സവ വേദിയിലും മറ്റും ഉപയോഗിക്കാന്‍ ആവശ്യമായ ആയിരം വിത്ത് പേന എന്നിങ്ങനെയുള്ള വ്യത്യസ്ത ആശയങ്ങളാണ് യോഗത്തില്‍ തീരുമാനമായത്.
കൂടാതെ മറ്റു സബ് കമ്മിറ്റിയുമായി ചേര്‍ന്നുകൊണ്ട് നടപ്പിലാക്കാന്‍ പല ആശയങ്ങളും യോഗത്തില്‍ വിവിധ ക്ലബ് പ്രതിനിധികള്‍ പങ്കുവെച്ചു. നെഹ്‌റു യുവകേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത മുഴുവന്‍ ക്ലബുകള്‍ക്കും ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും പ്രചാരണം നല്‍കാന്‍ നെഹ്‌റു യുവകേന്ദ്രയുടെ ഭാരവാഹികള്‍ അറിയിച്ചു. പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവ പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജിജി തോമസ്, സമീല്‍ അഹമ്മദ്, പി. രതീഷ് കുമാര്‍, വി.എന്‍ പ്രസാദ്, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി പി.വി. സുധ, നെഹ്‌റു യുവകേന്ദ്ര പ്രതിനിധികള്‍ പി. ശ്രീജിത്ത്, സിദ്ധാര്‍ത്ഥ് എ.വി., സി.എം.കുഞ്ഞബ്ദുള്ള, സുരേഷ് ബേക്കല്‍, നാരായണന്‍ മൂത്തല്‍ സംസാരിച്ചു. വിവിധ ക്ലബുകളുടെ പ്രതിനിധികള്‍ ആശയങ്ങള്‍ പങ്കുവച്ച് സംസാരിച്ചു.
Post a Comment
0 Comments