കോഴിക്കോട് (www.evisionnews.co): മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരേ നവംബര്‍ എട്ടിന് സംസ്ഥാന വ്യാപകമായി 'പ്രതിഷേധ തെരുവ്' സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പത്രസമ്മേളനത്തില്‍ അറിയിച്ചു. അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ട വെടിവെയ്പ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണ കക്ഷിയില്‍പ്പെട്ട സി.പി.ഐ അസി. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ആദിവാസി ഊരുകളും സംഭവ സ്ഥലവും സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് പ്രകാരം അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് സ്ഥിരീകരിക്കുന്നു.
ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് പറയുന്ന മണിവാസകം രോഗാതുരനായി നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നുവെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ സംഭവ സ്ഥലത്തുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അവരെ വെടിവെച്ചതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
കുറ്റവാളികളാണെങ്കില്‍ അവരെ പിടികൂടി നിയമത്തിനു മുമ്പില്‍ ഹാജരാക്കി വിചാരണക്കു വിധേമാക്കുക എന്നതാണ് ജനാധിപത്യരീതി. അതിനു പകരം സൈന്യം തന്നെ വധശിക്ഷ നടപ്പാക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. പോലിസിന് അമിതാധികാരം നല്‍കുകയും യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായ ശേഷം സ്വീകരിക്കുന്നത്. പോലിസ് കമ്മീഷണറേറ്റ് സംവിധാനം നടപ്പാക്കാനുള്ള തിടുക്കം ഉദാഹരണമാണ്.
തങ്ങള്‍ യു.എ.പി.എ വിരുദ്ധരാണെന്ന സി.പി.എം വാദം കാപട്യവും നുണയുമാണ്. യു.എ.പി.എ തള്ളിക്കളഞ്ഞ ഹൈക്കോടതി വിധിക്കെതിരേ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയതും കഴിഞ്ഞ ദിവസം കോഴിക്കോട് ലഘുലേഖ കൈവശം വച്ചെന്ന് ആരോപിച്ച് യുവാക്കള്‍ക്കേതിരെ യു.എ.പി.എ ചുമത്തിയതും അവരുടെ കാപട്യം വ്യക്തമാക്കുന്നു. ഇടതുപക്ഷ വികാരത്തിനും അടിസ്ഥാന വര്‍ഗ താല്‍പ്പര്യത്തിനും അപ്പുറം ഏതോ അദൃശ്യ ശക്തികളാണ് പിണറായിയെ നിയന്ത്രിക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അതിനാവശ്യമായ പ്രചാരണ പരിപാടികള്‍ സംസ്ഥാന വ്യാപകമായി പാര്‍ട്ടി സംഘടിപ്പിക്കുമെന്നും മജീദ് ഫൈസി വ്യക്തമാക്കി.
Post a Comment
0 Comments