Type Here to Get Search Results !

Bottom Ad

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ?


ദേശീയം (www.evisionnews.co): മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ ധാരണയിലെത്തിയതായി ഉറപ്പിക്കുന്ന സൂചനകള്‍ പുറത്തുവരുമ്പോള്‍ ആരായിരിക്കും പുതിയ മന്ത്രിസഭയെ നയിക്കുക എന്നതാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ ശിവസേന വല്ലാതെ ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വര്‍ളി നിയോജക മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ ആദിത്യ താക്കറെ വിജയിക്കുകയും ചെയ്തു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ശിവസേനയുടെ ഉള്ളിലിരുപ്പ് എത്ര കണ്ട് നടപ്പാകും എന്നതാണ് നിര്‍ണായകമാകുന്ന ചോദ്യം.

ആദിത്യ താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന സാഹചര്യമല്ല ശിവസേനയ്ക്ക് നിലവിലുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മുതിര്‍ന്ന നേതാക്കള്‍ എന്‍.സി.പിയിലും കോണ്‍ഗ്രസിലും ഉണ്ടെങ്കിലും മുഖ്യമന്ത്രി കസേര വേണ്ടെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകരിച്ചാണ് ഈ പാര്‍ട്ടികള്‍ സഖ്യത്തിന് തയ്യാറാകുന്നത്. ഈ സാഹചര്യത്തില്‍ യുവാവായ ആദിത്യ താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നതില്‍ അനൗചിത്യം കാണുന്നവരുണ്ട്. മാത്രവുമല്ല, ആദ്യമായാണ് ആദിത്യ എം എല്‍ എ ആകുന്നത്. എന്‍ സി പിക്ക് പതിനാലും കോണ്‍ഗ്രസിന് പന്ത്രണ്ടും മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. സീനിയര്‍ നേതാക്കന്മാര്‍ തന്നെയാകും ഇരുപാര്‍ട്ടികളില്‍ നിന്നും മന്ത്രിമാരാവുക. തങ്ങളേക്കാള്‍ ഏറെ ജൂനിയറായ ഒരാള്‍ക്ക് കീഴില്‍ മന്ത്രിമാരായിരിക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഇത് ഈ പാര്‍ട്ടികളെയും ശിവസേനയെയും കുഴയ്ക്കുന്ന പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ശിവസേനയുടെ തലവന്‍ കൂടിയായ ഉദ്ധവ് താക്കറെ തന്നെയായിരിക്കും അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാര്‍ട്ടിയിലെ നേതാക്കള്‍ നാളെ ഗവര്‍ണറെ കാണും. ഉദ്ധവ് താക്കറെ സോണിയ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തും. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും (എന്‍.സി.പി) കോണ്‍ഗ്രസുമായും ചേര്‍ന്ന് ശിവസേന രൂപീകരിക്കുന്ന സഖ്യ സര്‍ക്കാരില്‍ ശിവസേനയ്ക്ക് തന്നെ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുക. ഉദ്ധവ് മുഖ്യമന്ത്രിയാകുന്നത് യുപിഎ ശിവസേന സഖ്യത്തിന് കൂടുതല്‍ ഉറപ്പ് നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. നിലവില്‍ എംഎല്‍എ അല്ലെങ്കിലും മുംബൈയിലെ ഏതു സീറ്റില്‍ നിന്നും അദ്ദേഹത്തെ ജയിപ്പിക്കാന്‍ സേനക്ക് കഴിയുമെന്ന് ആത്മവിശ്വാസം അവര്‍ക്കുണ്ട്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad