കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ മലയോര മേഖലയില്‍ അഭിമാനപുരസ്വരത്തോടെ നാടും നഗരവും നെഞ്ചേറ്റിയ മതഭൗതിക കലാലയമായി വളര്‍ന്ന് വൈജ്ഞാനിക വിപ്ലവം തീര്‍ത്ത് പദ സഞ്ചാരം വിസ്മയമാക്കിയ സ്ഥാപനമാണ് ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാഡമി..
കാലത്തിന്റെ കറക്കം നോക്കി ചിദ്രതയുടെ ആസുര വിത്ത് വിതക്കുന്ന വര്‍ത്തമാന കാലത്ത് ധാര്‍മിക ബോധത്തിന്റെ വിത്ത് പാകാന്‍ ഒരു തല മുറയെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഉള്‍ ചിന്തയില്‍ നിന്നും ഉയിര് കൊണ്ട് ഒരു കൂട്ടം സാമൂഹ്യ പ്രതിബദ്ധതയും,അറിവിനെ ആകാശത്തോളം സ്‌നേഹിക്കുന്ന നല്ല മനസ്‌കരുടെ കഠിന പ്രയത്‌നമാണ്
ഒരു പതിറ്റാണ്ട് കൊണ്ട് അത്ഭുതകരമായ വളര്‍ച്ചയിലേക്ക് കണ്ണിയത്ത് ഉസ്താദ് അക്കാഡമിയെ എത്തിച്ചത്. പേരുപോലെ ഏറെ പുണ്യം നിറഞ്ഞ മണ്ണായി കാമ്പസ് പരിസരം മാറുകയാണ്. ഓരോ മാസത്തിലും അറബി മാസം പതിനേഴിന് ളുഹര്‍ നിസ്‌കാര ശേഷം നടക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സംഗമത്തിലേക്ക് എത്തുന്ന ആയിരങ്ങള്‍ ആവലാതികളുടെ കെട്ടഴിക്കുന്നത് നേരില്‍ കാണാം.
ആത്മ ശാന്തിക്ക് വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യ മനസ്സില്‍ ആശ്വാസത്തിന്റെ തെളിനീരാണ് മജ്ലിസുന്നൂര്‍ സംഗമം. തുടിക്കുന്ന ഹൃദയവുമായി എത്തുന്ന ആബാല വൃദ്ധം ജനങ്ങള്‍ക്ക് കണ്ണിയത്ത് അക്കാദമിയുടെ അത്ഭുതങ്ങളെ കുറിച്ചു അയവിറക്കാന്‍ ആയിരം നാവാണ്. പകച്ചിരിക്കുന്നവര്‍ക്ക് സ്‌നേഹ സ്പര്‍ശമാണ് അവിടത്തെ പ്രാര്‍ത്ഥനാ വേദി.
കെട്ട കലാമെന്ന് പഴിചാരപ്പെടുന്ന നേരത്ത് സക്രിയ ചിന്തകളാണ് ഉദ്ധരിക്കപ്പെടേണ്ടതെന്ന വികാരത്തില്‍ നിന്നുമാണ് ഇരുന്നൂറോളം കുഞ്ഞു മക്കളെ വളര്‍ത്തി സമൂഹത്തിനു നേര്‍ദിശ കാണിക്കാന്‍ പ്രാപ്തരാക്കുന്നത്. പഠനം പുസ്തകത്താളില്‍ മാത്രം ഒതുങ്ങേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ പിന്നീട് സമൂഹത്തെ തിരിഞ്ഞു നോക്കാതെ സ്വാര്‍ത്ഥതയില്‍ മാത്രം കഴിയുമ്പോള്‍
ഇവിടെ വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായ സര്‍വ്വ സര്‍ഗ്ഗ വാസനകളെയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
ഇതിനോടകം കേളി കെട്ട പ്രഗത്ഭരായവര്‍ മാറ്റുരക്കപ്പെട്ട സംസ്ഥാന-ജില്ലാ മത്സരങ്ങളിലും കണ്ണിയത്തിലെ മക്കള്‍ ഒന്നാമതെത്തിയത് ഒരു നാടിനു തന്നെ അഭിമാന സമ്മാനമായിരുന്നു. വളരേണ്ടതുണ്ട്. അവര്‍ നാളെയുടെ കാവലാളുകളാവട്ടെ. പ്രചോദനവും ഏറെ സഹായ സഹകരണവുമാണ് ആവശ്യം. മജ്‌ലിസുന്നൂറിലേക്ക് എത്തുന്ന വലിയ വലിയ സംഭാവനകളും സ്ഥാപന സ്‌നേഹികളുടെ അകമഴിഞ്ഞ സഹകരണവുമാണ് ഈ വളര്‍ച്ചക്ക് നിദാനം. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം പണ്ഡിതന്മാരും ഉമറാക്കളുമാണ് സ്ഥാപനത്തിന്റെ നടും തൂണുകള്‍.
ഗള്‍ഫ് നാട്ടില്‍ സ്വന്തം മക്കളെ പോലെ കണ്ണിയത്തിലെ വിദ്യാര്‍ത്ഥികളെ നെഞ്ചേറ്റുന്ന ഒരുപാട് ധാര്‍മിക സ്‌നേഹികളുടെ നിസ്സീമമായ സഹായം കൊണ്ട് വളരുന്ന സ്ഥാപനത്തിന് സ്ഥായിയായ വരുമാനം ഇല്ല. വര്‍ഷന്തോറും നടക്കുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ടു നേര്‍ച്ച നാട്ടുകാര്‍ക്ക് ഏറ്റവും വലിയ ആത്മീയ വേദിയായി മാറുകയാണ്.
പ്രഗത്ഭരായ പ്രഭാഷകന്മാരും സാദാത്തീങ്ങളും നേതാക്കളും സംബന്ധിക്കുന്ന മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി വന്‍ വിജയമാക്കുന്നതിനായി ഒരു നാട് മുഴുവന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനി മൂന്നു രാപ്പകലുകള്‍ ആത്മീയ നിര്‍വൃതിയില്‍ കാമ്പസ് നിറഞ്ഞൊഴുകും.
വൈ ഹനീഫ കുമ്പഡാജെ
(ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഡകഅ ദുബൈ ചാപ്റ്റര്‍)
Post a Comment
0 Comments