കാസര്‍കോട് (www.evisionnews.co): ബേക്കല്‍- കോവളം അന്താരാഷ്ട്ര ആയുര്‍വ്വേദ അംബാസഡേര്‍സ് ടൂര്‍ 25ന് തുടങ്ങുമെന്ന് ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ടി.കെ മന്‍സൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 30 രാജ്യങ്ങളില്‍ നിന്നുള്ള 45ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനികളാണ് ഇതിനായി എത്തുന്നത്. ബേക്കലില്‍ നിന്നും തുടങ്ങി കോവളത്ത് സമാപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ അംബാസഡര്‍മാരുടെ യാത്രയില്‍ പങ്കെടുക്കാന്‍ 23, 24 തിയതികളിലായി വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
25ന് ബേക്കല്‍ താജ് ഹോട്ടലില്‍ വൈകുന്നേരം 6.30ന് ഔപചാരിക ഉല്‍ഘാടന ചടങ്ങ് നടക്കും. ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ 26ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബിസിനസ്സ് മീറ്റ് നടക്കും. ഇതില്‍ രജിസ്റ്റര്‍ ചെയ്ത തദ്ദേശീയ ടൂറിസം സ്ഥാപനങ്ങള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും മുഖാമുഖം ബിസിനസ് ചര്‍ച്ചകള്‍ നടത്താനും കൂട്ടായ്മ രൂപപ്പെടുത്താനും അവസരമുണ്ടാകും. നാലുമണിക്ക് ബേക്കല്‍ ബീച്ച് സന്ദര്‍ശിക്കുന്ന അതിഥികള്‍ അവിടെ ബിആര്‍ഡിസിയും ലളിത കലാ അക്കാദമിയും സംയുക്തമായി നടപ്പിലാക്കി വരുന്ന 'മലബാര്‍ ആര്‍ട്ടൂര്‍' നിരീക്ഷിക്കുകയും ചുമര്‍ച്ചിത്ര കലാകാരന്മാരുമായി ആശയ വിനിമയം നടത്തുകയും ചെയ്യും. തുടര്‍ന്ന് ബേക്കല്‍ ഫോര്‍ട്ട് സന്ദര്‍ശിക്കും.
യാത്രയുടെ ഭാഗമായി വലിയപറമ്പ കായല്‍, കണ്ടല്‍ക്കാടുകള്‍, മാടായിപ്പാറ, മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്, സര്‍ഗ്ഗാലയ കലാഗ്രാമം മുതലായ ഉത്തര മലബാറിലെ ടൂറിസം ആകര്‍ഷകങ്ങളും പ്രതിനിധികള്‍ സന്ദര്‍ശിക്കും. 26ന് ഉച്ചയോടെ ഉത്തര മലബാറില്‍ നിന്നും കേരളത്തിലെ മറ്റു പ്രദേശങ്ങളിലേക്ക് സംഘം യാത്ര തിരിക്കും.
കോഴിക്കോട്, കോട്ടക്കല്‍, തൃശൂര്‍/ ചെറുതുരുത്തി, എറണാകുളം, കുമരകം, കൊല്ലം, തിരുവനന്തപുരം, കോവളം എന്നീ കേന്ദ്രങ്ങളാണ് ടൂര്‍ സംഘം സന്ദര്‍ശിക്കുക. കേരളത്തിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളുടെ സംഘടനയായ ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റി കേന്ദ്ര-കേരള ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് സംസ്ഥാന തലത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി പ്രസിഡന്റ് ഡി. സജീവ് കുറുപ്പും വൈസ് പ്രസിഡന്റ് അജി അലക്സും പങ്കെടുത്തു.
Post a Comment
0 Comments