കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ശനിയാഴ്ചയോടെ അവസാനിച്ചിട്ടും മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മുന്‍ എം.എല്‍.എയുടെ വോട്ടഭ്യര്‍ത്ഥന. ഇതേതുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വാഹനം തടഞ്ഞുവെച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. മംഗല്‍പാടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് ഷിറിയ ബത്തേരിയില്‍ വോട്ട് തേടാനിറങ്ങിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മുന്‍ എം.എല്‍.എയെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്.
പരസ്യ പ്രചാരണം അവസാനിച്ച ശനിയാഴ്ച ആറുമണിക്ക് ശേഷം മണ്ഡലത്തില്‍ നിന്ന് പുറത്തുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കരുതെന്നും മണ്ഡലം വിട്ടുപുറത്തു പോകണമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പാലിക്കാതെയാണ് മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചത്. ഇതിന്റെ വീഡിയോ ദ്യശ്യം സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ഇന്നലെ പകല്‍ മുഴുവന്‍ സംഘം മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോയിരുന്നത്രെ. കണ്ണൂര്‍ ജില്ലയില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകരും മംഗല്‍പാടി, മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളിലെ പലപ്രദേശങ്ങളിലും വ്യാപകമായി വീടുകള്‍ കയറി വോട്ട് തേടിയിരുന്നതായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments