Type Here to Get Search Results !

Bottom Ad

അയോദ്ധ്യ കേസ്: അന്തിമവാദം അവസാനിച്ചു

(www.evisionnews.co) അയോദ്ധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതിയിലെ അന്തിമ വാദം പൂര്‍ത്തിയായി.കേസിലെ വിധി നവംബര്‍ 17 ന് മുമ്പ് പ്രഖ്യാപിക്കും. നാല്‍പത് ദിവസമെടുത്താണ് വാദം ഇന്നതോടെ അവസാനിപ്പിച്ചത്. അഭിഭാഷകര്‍ക്ക് തങ്ങളുടെ വാദം എഴുതി സമര്‍പ്പിക്കാന്‍ മൂന്ന് ദിവസം കൂടി നല്‍കും.

അതേസമയം കേസിന്റെ വാദത്തിനിടെ നാടകീയ രംഗങ്ങള്‍ക്കാണ് സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്. ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ നല്‍കിയ കടലാസും ഭൂപടവും സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കീറിയെറിയുകയായിരുന്നു. ഇതുപോലെയുള്ള വിലയില്ലാത്ത രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നും രാജീവ് ധവാന്‍ ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്നു രൂക്ഷമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പ്രതികരിച്ചത്. മാന്യത നശിപ്പിച്ചെന്ന് പറഞ്ഞ അദ്ദേഹം, രാജീവിനോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.

അതേസമയം കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റിസ്വി അഹമ്മദ് ഫാറൂഖി വ്യക്തിപരമായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു മുഖേനയാണ് അപേക്ഷ നല്‍കിയത്. ചെയര്‍മാന്റെ നീക്കത്തില്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍, സുപ്രീം കോടതി അപേക്ഷയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ബാബറി ഭൂമിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് തളളിക്കളഞ്ഞു. കേസിൽ ഇത്രയും മതിയെന്നും ഇനിയൊരു ഹര്‍ജി ഇനി അനുവദിക്കില്ലെന്നും ഇന്ന് അഞ്ച് മണിയോടെ അന്തിമവാദം തീർക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad