കാസര്‍കോട് (www.evisionnews.co): യുവാവിനെ തലയില്‍ കല്ലിട്ട് കൊന്ന കേസില്‍ ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. കര്‍ണാടക ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പ ഗാജി (35)യെ കല്ലുകൊണ്ടിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക ബല്‍ഗാമിലെ സുരബാന്‍ സ്വദേശിയായ അക്കണ്ടപ്പ (30)യെയാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാജന്‍ തട്ടില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാളുടെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ വിട്ടള (33)യെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെവിട്ടു.
2017ആഗസ്റ്റ് ഒമ്പതിനാണ് രംഗപ്പ ഗാജിയെ ചെര്‍ക്കളക്ക് സമീപം വി.കെ പാറയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹത്തിന് സമീപം വലിയ കല്ല് കണ്ടതും തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവും കൊലപാതകമാണെന്ന സംശയത്തിലേക്കെത്തിച്ചു. മൃതശരീരത്തിലെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത്. രംഗപ്പയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തിയിരുന്നു.
കൊല നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുങ്ങിയ പ്രതികള്‍ കര്‍ണാടകയിലെ ബല്‍ഗാമില്‍ വേഷം മാറി ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ ഉത്സവസ്ഥലത്തുനിന്നാണ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. രംഗപ്പയും പ്രതികളും ചെര്‍ക്കളയില്‍ താമസിച്ച് കൂലിവേല ചെയ്തുവരികയായിരുന്നു. നഗരസഭയുടെ കരാര്‍ ജോലികളും രംഗപ്പ ഏറ്റെടുത്ത് നടത്തിയിരുന്നു. ചെര്‍ക്കള വി.കെ പാറയിലെ വിജനമായ സ്ഥലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസന്വേഷിച്ച വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്താണ് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ സത്താര്‍ ഹാജരായി.
Post a Comment
0 Comments