ഉപ്പള (www.evisionnews.co): നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ കെ. സിദ്ദരാമയ്യ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മഞ്ചേശ്വരത്ത് എത്തിയ അദ്ദേഹം ഉപ്പളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ച്ചയെ നേരിടുന്നു. സാമ്പത്തിക മേഖലയെ രക്ഷിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിയുന്നില്ല. തൊഴിലില്ലായ്മ നിരക്ക് ഉള്‍പ്പടെ വര്‍ധിച്ചു. സാമ്പത്തിക മാന്ദ്യം സര്‍വ്വ മേഖലയെയും വ്യാപിച്ചു. ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപൊക്കം ഉണ്ടായപ്പോള്‍ ഇരയായവരുടെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ദാരിദ്ര നിര്‍മ്മാര്‍ജനത്തിന് മോദി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
മഞ്ചേശ്വരത്ത് മതേതരത്വവും ഫാഷിസവും തമ്മിലാണ് പോരാട്ടം. കേന്ദ്ര സര്‍ക്കാരിന് എതിരായ വിധി എഴുത്ത് മഞ്ചേശ്വരത്ത് ഉണ്ടാവും. മഞ്ചേശ്വരത്തെ ജനത ഇത്തവണയും ഫാസിസ്റ്റുകളുടെ കടന്നു വരവിനെ പിടിച്ചുകെട്ടും. അതിനുള്ള പോരാട്ടമാണ് ഐക്യ ജനാധിപത്യ മുന്നണി നടത്തുന്നത്. ബി.ജെ.പിയെ നേരിടാനുള്ള ശക്തി മഞ്ചേശ്വരത്ത് സി.പി.എമ്മിനില്ല. കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെയും അടിത്തറ തകരുന്നു. വിശ്വാസികളെ ദ്രോഹിച്ച ഇടതു സര്‍ക്കാരിനെതിരെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചുട്ട മറുപടി നല്‍കി- സിദ്ദരാമയ്യ പറഞ്ഞു.
ഉപ്പളയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ സിദ്ദരാമയ്യയെ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മണ്ഡലം തെരഞ്ഞടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എന്നിവര്‍ ഷാളണിയിച്ച് സ്വീകരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം. അബ്ദുല്‍ റഹ്മാന്‍, എം.എല്‍.എമാരായ കെ.എം ഷാജി, സണ്ണിജോസഫ്, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി, മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments