Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് 2.14ലക്ഷം വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്


മഞ്ചേശ്വരം (www.evisionnews.co): ഒരുമാസം നീണ്ടുനിന്ന പ്രചാരണ പരിപാടികള്‍ക്ക് ശേഷം മഞ്ചേശ്വരം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മതേതരത്വും ഫാസിസവും നേര്‍ക്കുനേര്‍ മത്സരിക്കുന്ന തുളുനാട്ടില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ലാഭത്തിനും നിന്നുകൊടുക്കാനില്ലെന്ന 'റബ്ബര്‍' മനസോടെയാണ് ജനം വിധിയെഴുതാന്‍ കാത്തിരിക്കുന്നത്. 2,14,799 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. 1,07,851 പുരുഷന്‍മാരും 1,06,928 സ്ത്രീകളുമാണ്. മണ്ഡലത്തില്‍ ഏഴ് പേരാണ് മത്സര രംഗത്തുള്ളത്. എം.സി ഖമറുദ്ദീന്‍ (ഏണി), രവീശ തന്ത്രി കുണ്ടാര്‍ (താമര), എം. ശങ്കര്‍ റൈ മാസ്റ്റര്‍ (ചുറ്റിക, അരിവാള്‍, നക്ഷത്രം), ഗോവിന്ദന്‍ ബി. ആലിന്‍താഴെ (കോട്ട്), കമറുദ്ദീന്‍ എം.സി (ഫ്ളൂട്ട്), ജോണ്‍ ഡിസോസ. ഐ (ഓട്ടോറിക്ഷ), രാജേഷ്. ബി (ഡയമണ്ട്) എന്നിവരാണ് മത്സര രംഗത്തുള്ളത്. എട്ടാമതായി ഇവാരിലാരുമല്ല എന്ന ചിഹ്നവുമുണ്ടാവും. 

പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയാക്കി. മണ്ഡലത്തിലെ 198 പോളിങ് ബൂത്തിലേക്കുള്ള സാധന സാമഗ്രികള്‍ പൈവളികെ നഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നും വിതരണം ചെയ്തു. 18 കൗണ്ടറുകളിലായാണ് പോളിങ് ബൂത്തുകളിലേക്കുള്ള എല്ലാ സാമഗ്രികളും വിതരണം ചെയ്തത്. ബൂത്തുകളിലേക്കുള്ള പ്രിസൈഡിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള ഫസ്റ്റ്, സെക്കന്റ്, തേഡ് പോളിങ് ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ ഗ്രൂപ്പുകളാണ് പോളിങ് സാമഗ്രികള്‍ സ്വീകരിച്ചത്. 

രാവിലെ 9.30ന് ആരംഭിച്ച വിതരണം ഉച്ചയോടെ സമാപിച്ചു. ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം തെരഞ്ഞെടുപ്പിനായി ഏര്‍പ്പെടുത്തിയ വാഹനങ്ങളിലാണ് ബൂത്തുകളിലേക്ക് പുറപ്പെട്ടത്. പോളിങ് കേന്ദ്രങ്ങളെ കുറിച്ച് വിവരം നല്‍കുന്നതിനായി 68റൂട്ട് ഓഫീസര്‍മാരെ നിയോഗിച്ചിരുന്നു. 

മണ്ഡലത്തില്‍ 198 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ ബൂത്തുകളിലും വീഡിയോ റോക്കോര്‍ഡിങ് ഉണ്ട്. 20ബൂത്തുകളില്‍ തല്‍സമയ വെബ്കാസറ്റിങ്, 49ബൂത്തുകളില്‍ സായുധ പോലീസു ണ്ടാകും. 53 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍മാരുണ്ടാവും. പൈവളികെ നഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ വരണാധികാരി, ഉപ വരണാധികാരി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരുമടങ്ങുന്ന വലിയ ഒരു ടീം തന്നെ കണ്‍ട്രോള്‍റൂമില്‍ നിരീക്ഷണത്തിന് ഉണ്ടാകും. 

ഒരു ബൂത്തില്‍ ഒരു പ്രിസൈഡിങ് ഓഫീസര്‍, മൂന്ന് പോളിങ് ഉദ്യോഗസ്ഥര്‍, മുഖാവരണം ധരിച്ചവരെ തിരിച്ചറിയാന്‍ ഒരു വനിതാ ഉദ്യോഗസ്ഥ എന്നിങ്ങനെ അഞ്ച് പേരാണുണ്ടാവുക. 990പോളിങ് ഉദ്യോഗസ്ഥരെയാണ് പോളിങ് ബൂത്തുകളിലേക്ക് നിയോഗിച്ചിട്ടുള്ളത്. ഇതു കൂടാതെ 54 മൈക്രോ ഒബ്‌സര്‍വര്‍മാര്‍, 38 സെക്ടറല്‍ ഓഫീസര്‍മാര്‍, 68റൂട്ട് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 120പേരെ റിസര്‍വ് ഉദ്യോഗസ്ഥരായി നിയോഗിച്ചിട്ടുമുണ്ട്. പി.ബി അബ്ദുല്‍ റസാഖ് മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന മഞ്ചേശ്വരത്തുമാണ് വോട്ടെടുപ്പ് നടക്കുന്നത്.




Post a Comment

0 Comments

Top Post Ad

Below Post Ad