മഞ്ചേശ്വരം (www.evisionnews.co): വന്‍ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ ജയിച്ചുകയറിയപ്പോള്‍ ചില്ലുകൂടാരം പോലെ തകര്‍ന്നടിഞ്ഞത് എല്‍.ഡി.എഫ് തന്ത്രം. വിശ്വാസി എന്ന നിലയില്‍ ശങ്കര്‍റൈയെ സ്ഥാനാര്‍ത്ഥിയായി കെട്ടിയിറക്കിയപ്പോള്‍ ഒരു ഘട്ടത്തില്‍ മണ്ഡലം പിടിച്ചെടുക്കാനായില്ലെങ്കിലും രണ്ടാമതെത്താനെങ്കിലും എല്‍.ഡി.എഫ് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ജനംവിധിയില്‍ എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു കണ്ടത്.
അതേസമയം വിജയം പോലെ രണ്ട്, മൂന്ന് സ്ഥാനങ്ങളും ഉറപ്പിക്കുകയായിരുന്നു തുളുമനസ്. യു.ഡി.എഫിന് ഹാര്‍ടിക് ജയം സമ്മാനിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയെയും മൂന്നാം സ്ഥാനത്ത് എല്‍.ഡി.എഫിനെയും ഒരിക്കല്‍ കൂടി ഉറപ്പിച്ചു. എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു എം.സി ഖമറുദ്ദീന്റെ വിജയം. മണ്ഡലത്തില്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ശക്തമായ അടിയൊഴുക്ക് പ്രതീക്ഷിച്ച എല്‍.ഡി.എഫിനും ബി.ജെ.പിക്കും നഷ്ടക്കഥ മാത്രമാണ് ഉപതെരഞ്ഞെടുപ്പ് സമ്മാനിച്ചത്. ഒരുഘട്ടത്തില്‍ മണ്ഡലം പിടിച്ചെടുക്കുമെന്ന് പോലും അവകാശവാദം ഉന്നയിച്ചിരുന്ന എല്‍.ഡി.എഫ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
എല്‍.ഡി.എഫിന് 38,233 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുപോലും എല്‍.ഡി.എഫിന് പിടിക്കാനായില്ലെന്നാണ് വസ്തുത. 2016ലെ തെരഞ്ഞെടുപ്പില്‍ 42565വോട്ടായിരുന്നു എല്‍.ഡി.എഫിലെ സി.എച്ച് കുഞ്ഞമ്പു നേടിയത്. ലോക്സഭയില്‍ 32796വോട്ടുകളും നേടി. എന്‍.ഡി.എയ്ക്ക് കഴിഞ്ഞ തവണ 56781 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 703 വോട്ട് കൂടി 57,484 വോട്ട് ലഭിച്ചു.
ശബരിമല പ്രശ്നം മുന്നില്‍ കണ്ട് വിശ്വാസിയും ശബരിമല സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന ഒരാളെ കൂടി കളത്തിലിറക്കി വോട്ടുപിടിക്കാനുള്ള തന്ത്രമായിരുന്നു എല്‍.ഡി.എഫ് സമര്‍ത്ഥമായി പയറ്റിയത്. എന്നാല്‍ അതിന്റെ അതേ അര്‍ത്ഥത്തില്‍ തന്നെ മഞ്ചേശ്വരത്തെ ജനം മറുപടി പറയുകയായിരുന്നു.
Post a Comment
0 Comments