താമരശ്ശേരി: (www.evisionnews.co)‘‘ബാക്കി സയനൈഡ് വീട്ടിലുണ്ട്.’’ തിങ്കളാഴ്ച രാത്രി ചോദ്യംചെയ്യൽ അവസാനിക്കുന്ന വേളയിലായിരുന്നു വെളിപ്പെടുത്തൽ. ഇതു തനിക്കായി കരുതി വെച്ചതാണെന്നും പിടിക്കപ്പെടുമെന്ന ഘട്ടം വന്നാൽ കഴിക്കാൻ വെച്ചതാണെന്നും പൊലീസിനോടു വെളിപ്പെടുത്തി.
അറസ്റ്റു ചെയ്യാനൊരുങ്ങുകയാണെങ്കിൽ ഇതു കഴിക്കാനായിരുന്നു ജോളി ആലോചിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. എന്നാൽ, രാവിലെ തന്നെ പൊലീസ് എത്തിയതോടെ ഈ നീക്കം പൊളിഞ്ഞു.
തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിൽ സയനൈഡ് വീട്ടിലുണ്ടെന്ന് വെളിപ്പെടുത്തിയ ഉടൻ തന്നെ ജോളിയെ അന്വേഷണസംഘം വടകര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകാനെന്ന വ്യാജേന പുറത്തിറക്കി. വാഹനം വടകര ഭാഗത്തേക്ക് പോവുകയും ചെയ്തു. എന്നാൽ കോട്ടക്കടവിൽ നിന്ന് പൊലീസ് വാഹനം തിരിച്ചു. വന്ന വഴിയെ തന്നെ താമരശ്ശേരിയിലേക്ക് കുതിച്ചു. കുറച്ചുസമയം കഴിഞ്ഞാണ് ജോളിയുമായി വീണ്ടും പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ് നടത്തുന്നെന്ന വാർത്ത പുറത്തായത്.
രാത്രി ഒമ്പതരയോടെ തുടങ്ങിയ തെളിവെടുപ്പ് അവസാനിച്ചത് പന്ത്രണ്ടേകാലിനാണ്. ഇതിനിടെയാണ് അടുക്കളയിലെ റാക്കിനുള്ളിൽ ചെമ്പുപാത്രങ്ങൾക്കിടയിൽ തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച കുപ്പി ജോളി എടുത്തു കൊടുത്തത്. തെളിവെടുപ്പ് സമയത്ത് പൊലീസ് വിവരസാങ്കേതിക വിദ്യാവിഭാഗം സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥ് ഉൾപ്പെടെയുള്ള ഫൊറൻസിക് വിദഗ്‌ധരും സ്ഥലത്തുണ്ടായിരുന്നു. ഇവർ ഈ കുപ്പിയിലെ വസ്തു പരിശോധിച്ചു. വിശദപരിശോധനയ്ക്ക് ഫാെറൻസിക് ലാബിലേക്ക് അയച്ചു. കണ്ടെത്തിയത് സയനൈഡാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സയനൈഡാണെന്നാണ് ജോളി പറഞ്ഞത്.
Post a Comment
0 Comments