Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച്: യു.ഡി.എഫിന് മുന്‍തൂക്കം: എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തെന്നും സര്‍വെ


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉള്‍പ്പടെ അഞ്ചുമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെ കൂട്ടിയുംകിഴിച്ചും മുഖ്യധാരാ മുന്നണികള്‍ അങ്കത്തട്ടില്‍ പോരാട്ടമുറപ്പിക്കുമ്പോള്‍ സര്‍വെ ഫലങ്ങളും സജീവചര്‍ച്ചയാവുകയാണ്. കേരള രാഷ്ട്രീയത്തിന്റെ കണ്ണായ മണ്ഡലം എന്ന ഖ്യാതിനേടിയ മഞ്ചേശ്വരത്ത് യു.ഡി.എഫ്-എന്‍.ഡി.എ മുന്നണികള്‍ ഇഞ്ചോടിഞ്ചാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ മഞ്ചേശ്വരം മണ്ഡലത്തില്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തന്നെ വിജയം തുണയാകുമെന്നാണ് സര്‍വെകള്‍ അവകാശപ്പെടുന്നത്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും പ്രമുഖ ഓണ്‍ലൈന്‍ ചാനലും നടത്തിയ സര്‍വെയിലും ഇഞ്ചോടിഞ്ച് മത്സരമാണ് മഞ്ചേശ്വരത്തേത്. യു.ഡി.എഫിന് മുന്‍തൂക്കമെന്നും ബി.ജെ.പി, എല്‍.ഡി.എഫ് മുന്നണികള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തുമെന്നും സര്‍വെയില്‍ പറയുന്നു. 

കഴിഞ്ഞ തവണ കേവലം 89 വോട്ടുകള്‍ക്ക് കൈവിട്ട മഞ്ചേശ്വരം ഈ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാനുള്ള ബി.ജെ.പിയുടെ കൊണ്ടുപിടിച്ച ശ്രമംഫലം കാണാന്‍ സാധ്യതയില്ല എന്നതിന്റെ സൂചനകളാണ് സര്‍വേയില്‍ തെളിയുന്നത്. ഇവിടെ യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന് 37ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ എന്‍.ഡി.എ സ്ഥനാര്‍ത്ഥി ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാര്‍ 31ശതമാനം വോട്ടിന് രണ്ടാം സ്ഥാനത്ത് തുടരുമെന്നാണ് സര്‍വെ ഫലം. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സി.പി.എം സ്ഥാനാര്‍ത്ഥി ശങ്കര്‍റൈ ബഹുദൂരം പിന്നിലേക്ക് പോകുമെന്നും വിലയിരുത്തുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആളിക്കത്തിയ വിഷയമായിരുന്നു ശബരിമല. ആ ശബരിമല മുഖ്യവിഷയങ്ങളിലൊന്നായി മഞ്ചേശ്വരത്ത് നിറഞ്ഞു നില്‍ക്കയാണെന്ന് സര്‍വെകള്‍ അഭിപ്രായപ്പെടുന്നു. യു.ഡി.എഫിന് വിജയം പ്രവചിക്കുന്ന സര്‍വേയില്‍ 42ശതമാനം ശബരിമല വിഷയം ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തന്നെയാണ് അഭിപ്രായപ്പെടുന്നത്. ശബരിമല തെരഞ്ഞെടുപ്പിലെ പ്രധാനഘടകമാകുന്നതോടെ ഇത് എല്‍.ഡി.എഫിന് വലിയ രീതിയില്‍ പ്രതിസന്ധിയാകുമെന്നും വിശ്വാസി- ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് ഏകീകരിക്കാനാകുമെന്നും സര്‍വെയില്‍ പറയുന്നു. 

മണ്ഡലത്തിലെ വികസനവും യു.ഡി.എഫിന് സാധ്യത പകരും. സ്ഥാനാര്‍ത്ഥിയുടെ മികവും മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ സൃഷ്ടിച്ചപോലെ ഒരു ഓളമുണ്ടാക്കാന്‍ ഇത്തവണ ബി.ജെ.പിക്ക് കഴിയുന്നില്ല. രവീശതന്ത്രി കുണ്ടാറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ നിലനിന്ന ചില പ്രശ്്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചനകള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad