കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് യു.ഡി.എഫിനെ തോല്‍പിക്കാന്‍ ബി. ജെ.പി.യും സി.പി.എമ്മും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ബി.ജെ.പി വര്‍ഗ്ഗീയ ചേരിതിരിവ് വരുത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോള്‍ സി.പി.എം നാലുവോട്ടിന് വേണ്ടി ഫാസിസ്റ്റ് ശക്തികളെക്കാള്‍ വീര്യത്തില്‍ ഹീനമായ രീതിയില്‍ സാമുദായിക ധ്രൂവീകരണം നടത്തുകയാണ്.
യു.ഡി.എഫ് ജയിച്ചാല്‍ മഞ്ചേശ്വരം കാശ്മീരാകുമെന്ന് പ്രചരിപ്പിക്കുന്ന ബി.ജെ.പിയും പോളിംഗ് ദിനത്തില്‍ യു.ഡി.എഫ് വോട്ടര്‍മാര്‍ പര്‍ദയും മുഖമക്കണയും ധരിച്ച് കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് പ്രചരിപ്പിക്കുകയും പരാതി നല്‍കുകയും ചെയ്ത സി.പി.എമ്മും ഒരേ നിലപാടാണ് സ്വീകരിച്ചത്.
യു.ഡി.എഫ് കേന്ദ്രങ്ങളില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സര്‍വശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.എം സംഘ്പരിവാര്‍ സംഘടനകളുടെ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിപ്പിക്കുകയോ ചെയ്തിട്ടില്ല. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പരസ്യമായി പറയുകയും രഹസ്യമായി അവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സി.പി.എം മഞ്ചേശ്വരത്ത് സ്വീകരിച്ചത്. യു.ഡി.എഫിനെ തോല്‍പ്പിക്കുന്ന കാര്യത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നയവും ഒരേ സ്വരവുമാണ്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ രാജ്യത്ത് മതേതര കൂട്ടായ്മകള്‍ ബലപ്പെടുന്ന ഘട്ടത്തില്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
Post a Comment
0 Comments