കാസര്‍കോട് (www.evisionnews.co): ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തുകയില്‍ നിന്ന് ആറു ശതമാനം സാല്‍വേജ് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ദേശീയപാത വികസനം വേഗത്തിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയായേക്കും. ദേശീയപാത അതോറിറ്റിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.
കേരളത്തിന്റെ ദേശീയപാത വികസനത്തിനിടെ തടസങ്ങളുയര്‍ത്തിയ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിക്കു മുന്നില്‍വച്ച് ശാസിച്ചതും കരാര്‍ ഒപ്പുവയ്ക്കലിന് വഴിതെളിച്ചതും ഈ മാസം ഒന്നിനാണ്. ഗഡ്കരിയുടെ ശാസനയെ തുടര്‍ന്ന് ഒന്‍പതിന് സംസ്ഥാനവുമായി കരാറും ഒപ്പിട്ടു. ഇതിനു പിന്നാലെയാണു പുതിയ ഉപാധിയുമായി ദേശീയപാത അതോറിറ്റിയുടെ ഉത്തരവ്.
ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുകയില്‍ നിന്ന് ആറ് ശതമാനം സാല്‍വേജ് ചാര്‍ജ് നിര്‍ബന്ധമായും ഈടാക്കാനാണു നിര്‍ദേശം. പൊളിക്കുന്ന കെട്ടിടത്തില്‍ നിന്നു നിര്‍മാണ വസ്തുക്കള്‍ ആവശ്യമെങ്കില്‍ ഉടമ അപേക്ഷ നല്‍കണം. അവരില്‍ നിന്നു മാത്രമായിരുന്നു സാല്‍വേജ് ചാര്‍ജ് ഈടാക്കിയിരുന്നത്. നിലവില്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുകയില്‍ നിന്ന് സാല്‍വേജ് ചാര്‍ജ് കുറച്ചുളള തുക രേഖപ്പെടുത്തി പുതിയ അപേക്ഷ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ ഭൂമിയുടെ നഷ്ടപരിഹാരം കുറഞ്ഞേക്കും.
അതേസമയം സ്ഥലം ഏറ്റെടുക്കല്‍ നടപടികളും വൈകും. ഉത്തരവിറങ്ങുന്നതിന് മുമ്പു നഷ്ടപരിഹാരം കൈപ്പറ്റിയവര്‍ക്ക് മുഴുവന്‍ തുകയും ലഭിച്ചു. വിവേചനം പാടില്ലെന്നും തീരുമാനത്തിനെതിരെ നിയമ പോരാട്ടവും പ്രതിഷേധവും ഉണ്ടാകുമെന്നും ഭൂവുടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
Post a Comment
0 Comments